IndiaNEWS

അംബേദ്കറുടെ ആശങ്കകള്‍ സത്യമാകുന്നു

ന്ത്യൻ ബഹുമുഖ പ്രതിഭയും പൗരാവകാശ പ്രവർത്തകനുമായ ബി.ആർ. അംബേദ്കറുടെ ആശങ്കകള്‍ സത്യമാകുന്നു.133 വർഷങ്ങൾ മുൻപാണ് അദ്ദേഹം ജനിച്ചത്.

വിവരശൂന്യനായ ഒരു വ്യക്തിയെ അല്ലെങ്കില്‍ വിധേയനായ ഒരാളെ തെരഞ്ഞെടുപ്പ് കമീഷണറാക്കുന്നതിനെ തടയുന്ന വ്യവസ്ഥ ഭരണഘടനയിലില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് കമീഷൻ എക്സിക്യൂട്ടിവിന്റെ തള്ളവിരലിന് കീഴിലായിമാറിയേക്കാമെന്ന് ഭരണഘടന അസംബ്ലിയില്‍ തെരഞ്ഞെടുപ്പു കമീഷൻ സംബന്ധിച്ച ചർച്ചക്കിടെ 1949 ജൂണ്‍ 16ന് ഡോ.ബി.ആർ. അംബേദ്കർ പ്രകടിപ്പിച്ച ആശങ്ക പതിറ്റാണ്ടുകള്‍ക്കുശേഷം യാഥാർഥ്യമായിത്തീർന്നു.

ഏതാനും മാസം മുമ്ബ് ചില സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ഘട്ടത്തില്‍ തെരഞ്ഞെടുപ്പു കമീഷൻ പെരുമാറിയത് അംബേദ്കറുടെ ആശങ്ക ശരിവെക്കുംവിധത്തിലാണിരുന്നു.

Signature-ad

മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുകയും തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തുകയും ചെയ്ത ഘട്ടത്തില്‍ മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ലാഡ്‌ലി ബെഹെന പദ്ധതി പ്രകാരം ജനങ്ങള്‍ക്ക് പണം അനുവദിച്ചു, പക്ഷേ തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞില്ല. അതേസമയം, റൈതു ബന്ധു പദ്ധതി പ്രകാരം കർഷകർക്ക് പണം അനുവദിക്കാനുള്ള തെലങ്കാന സർക്കാറിന്റെ നീക്കം തടയുകയും ചെയ്തു. ഇന്ത്യക്കാരോട് വിവേചനം വെച്ചുപുലർത്താനും വെള്ളക്കാരോട് അനുഭാവപൂർവം പെരുമാറാനും ഇന്ത്യയിലെ കൊളോണിയല്‍ ഭരണാധികാരികള്‍ പലപ്പോഴും ഉപയോഗിച്ചിരുന്ന പക്ഷപാത നിലപാടിനെ ഓർമപ്പെടുത്തുന്നതാണ് ഇത്തരമൊരു സമീപനം. തെരഞ്ഞെടുപ്പ് കമീഷൻ രൂപവത്കരിക്കുന്നതിനായി 1949 ജൂണ്‍ 15ന് ഭരണഘടന അസംബ്ലിയില്‍ അനുച്ഛേദം 289 കരട് മുന്നോട്ടുവെക്കുന്നതിനിടെ അംബേദ്കർ പറഞ്ഞു.

”ഒരു തരത്തിലുള്ള വിയോജിപ്പും കൂടാതെ, നിയമനിർമാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരിശുദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും താല്‍പര്യാർഥം, എക്സിക്യൂട്ടിവില്‍നിന്നുള്ള ഏതെങ്കിലും തരത്തിലുള്ള ഇടപെടലില്‍നിന്ന് അവയെ മോചിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.”

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാരോപിച്ച്‌ ചില പ്രതിപക്ഷ നേതാക്കള്‍ക്ക് മാത്രം നോട്ടീസ് നല്‍കിയതും മതം ഉപയോഗിച്ച്‌ വോട്ട് ചോദിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പ്രതിപക്ഷ പാർട്ടികള്‍ ഉന്നയിച്ച പരാതികള്‍ പാടേ അവഗണിച്ചതും തെരഞ്ഞെടുപ്പ് കമീഷൻ നിഷ്പക്ഷമായി പ്രവർത്തിച്ചില്ല എന്ന് വ്യക്തമാക്കിത്തന്നു. അംബേദ്കർ ആശങ്കപ്പെട്ടതുതന്നെ സംഭവിച്ചു. കൊളീജിയം പോലെയുള്ള സമിതിയില്‍ ചീഫ് ജസ്റ്റിസിനെ മാറ്റി കേന്ദ്ര സർക്കാർ നോമിനിയെ വെച്ച്‌ ഇ.സി അംഗങ്ങളെ തിരഞ്ഞെടുക്കാനായി മോദി സർക്കാർ സുപ്രീംകോടതി ഉത്തരവുപോലും അസാധുവാക്കി ബില്‍ കൊണ്ടുവന്നു.

രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ വിവേചനവും സാമൂഹിക ഭ്രഷ്ടും നേരിടേണ്ടി വന്നേക്കാമെന്നും അംബേദ്കർ ഭയന്നിരുന്നു. സാമൂഹിക ഭ്രഷ്ടില്‍നിന്നുള്ള സംരക്ഷണത്തിന് ഭരണഘടനയില്‍ വ്യവസ്ഥകള്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ശാഠ്യംപിടിച്ചതും അതുകൊണ്ടുതന്നെ. ഏതെങ്കിലും വ്യക്തിയുടെയോ വ്യക്തികളുടെയോ ബഹിഷ്‌കരണത്തിന് കാരണമാവുംവിധത്തില്‍ ആരെങ്കിലും പരസ്യമായി ഒരു തിട്ടൂരം ഇറക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും, പ്രസ്താവനയോ, കിംവദന്തിയോ, റിപ്പോർട്ടോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ബഹിഷ്‌കരണത്തിന് കാരണമാവുകയോ മറ്റേതെങ്കിലും വിധത്തില്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നതും ബഹിഷ്‌കരണത്തിന് കാരണമാവുകയോ മറ്റേതെങ്കിലും വിധത്തില്‍ പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമായിരിക്കും എന്ന വ്യവസ്ഥ അദ്ദേഹം മുന്നോട്ടുവെച്ചു.

വർത്തമാനകാലത്ത് ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളിലും ധർമ സൻസദുകളിലും കേള്‍ക്കുന്ന, മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും സാമൂഹികവും സാമ്ബത്തികവുമായി ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങള്‍ ആ ആശങ്കയെ ശരിവെക്കുകയല്ലേ?

വിരോധാഭാസമെന്ന് പറയട്ടെ, നിയമമുണ്ടാക്കേണ്ട പാർലമെന്റ് മന്ദിരത്തിനുള്ളില്‍തന്നെ ഒരു ബി.ജെ.പി എം.പി മറ്റൊരു എം.പിയെ അദ്ദേഹത്തിന്റെ മതവിശ്വാസത്തെ അധിക്ഷേപിച്ച്‌ സംസാരിക്കുന്നത് നമുക്ക് കേള്‍ക്കേണ്ടി വന്നു. ഈ കുറ്റകൃത്യം ചെയ്തയാള്‍ക്കെതിരെ ഒരു ശിക്ഷാനടപടിയും ഉണ്ടായതുമില്ല.

അംബേദ്കർ മുന്നോട്ടുവെച്ച നടപടികളും നിർദേശങ്ങളും നമ്മുടെ റിപ്പബ്ലിക് അഭിമുഖീകരിക്കുന്ന അസ്തിത്വ പ്രതിസന്ധികളെ നേരിടുന്നതില്‍ പ്രാധാന്യമുള്ളതാണ്. അംബേദ്കർ ഉന്നയിച്ച ആശങ്കകളോട് സംവേദനക്ഷമത പുലർത്തുന്നതും ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള പരിഹാര നടപടികള്‍ സ്വീകരിക്കുന്നതുമാണ്  ഈ‌ 133-ാം ജൻമദിനത്തിലെങ്കിലും അദ്ദേഹത്തിന് നല്‍കാനാവുന്ന ഏറ്റവും വലിയ ആദരം.1891 ഏപ്രിൽ 14-നാണ് ഡോ.അംബേദ്കറുടെ ജൻമദിനം.

(മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണന്റെ ഓഫിസർ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആയിരുന്ന ലേഖകൻ എഴുതിയ വിശദമായ കുറിപ്പിന്റെ സംഗ്രഹ വിവർത്തനം)

Back to top button
error: