എറണാകുളം: ചെങ്ങമനാട് ഗുണ്ടാത്തലവന്റെ കൊലപാതകത്തില്‍ രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.കുറുമശ്ശേരി സ്വദേശികളായ സതീഷ്, സിന്റോ എന്നിവയാണ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ കസ്റ്റഡിയിലെടുത്ത രണ്ടുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.
നിതിന്‍, ദീപക് എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തത്. തുരുത്തിശ്ശേരി സ്വദേശി വിനു വിക്രമന് (35) ആണ് ഇന്നലെ പുലര്‍ച്ചെ കൊല്ലപ്പെട്ടത്. ഗില്ലാപ്പി ബിനോയ് വധക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിനു. കുറുമശ്ശേരി സ്വകാര്യ ആശുപത്രിക്ക് മുന്നില്‍വെച്ചാണ് വിനു വിക്രമനെ കൊലപ്പെടുത്തിയത്. റോഡില്‍ വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കുപ്രസിദ്ധ ഗുണ്ടാ നേതാവായിരുന്ന ഗിലാപ്പി ബിനോയിയുടെ അത്താണി സിറ്റി ബോയ്സ് എന്ന ഗുണ്ടാ സംഘത്തിലെ പ്രധാനിയായിരുന്നു വിനു. പിന്നീട് ബിനോയിയുമായി തെറ്റിപ്പിരിഞ്ഞ വിനു 2019 ല്‍ ബിനോയിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബാര്‍ ഹോട്ടല്‍ ഉടമസ്ഥരെ ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തിയതിനും പാടം നികത്തിയതിനും മയക്കുമരുന്ന് കൈവശംവെച്ചതിനുമുടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് വിനു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.