CrimeNEWS

മല്ലപ്പള്ളിയില്‍ വൃദ്ധ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു; വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച നിലയില്‍

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ വൃദ്ധദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചരപ്പ് സ്വദേശി സി.ടി വര്‍ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗീസ് (73) എന്നിവരാണ് മരിച്ചത്. പാചക വാതകത്തിന് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം.

വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ചനിലയിലായിരുന്നു. വീട്ടില്‍ വര്‍ഗീസും അന്നമ്മയും മാത്രമായിരുന്നു താമസം. അന്നമ്മയുടെ മൃതദേഹം വീടിനുള്ളിലും വര്‍ഗീസിന്റേത് പുറത്ത് കുളിമുറിയിലുമാണ് കണ്ടെത്തിയത്.

Signature-ad

ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ചതിനാല്‍ ആത്മഹത്യയാണെന്ന് സംശയമുണ്ട്. എന്നാല്‍, ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ നല്‍കുന്ന സൂചന. തീപിടിത്തത്തില്‍ വീടിനുള്ളിലെ വസ്തുക്കളും ജനല്‍ച്ചില്ലുകളുമൊക്കെ തകര്‍ന്നിട്ടുണ്ട്. കീഴ്വായ്പൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഫോറന്‍സിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ.

വര്‍ഗീസിന്റെ സഹോദരന്‍ ഇവരുടെ വീടിന് സമീപമാണ് താമസിക്കുന്നത്. അന്നമ്മയേയും വര്‍ഗീസിനെയും വീടിന് പുറത്ത് കാണാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദമ്പതികള്‍ക്ക് മൂന്ന് മക്കളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മകന്‍ വിദേശത്താണ്. രണ്ട് പെണ്‍മക്കള്‍ ഭര്‍ത്താക്കന്മാരുടെ വീട്ടിലാണെന്നാണ് വിവരം.

 

Back to top button
error: