കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. കേസിന്റെ വിധിയുമായി സ്ഥലംമാറ്റത്തിന് ബന്ധമില്ലെന്ന് കോടതിവൃത്തങ്ങള്‍ സൂചിപ്പിച്ചു.
മദ്രസ അധ്യാപകനായ റിയാസ് മൗലവിയെ പളളിയില്‍ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു കേസില്‍ പ്രതികള്‍. കേസില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്നും കോടതി വിമര്‍ശിച്ചിരുന്നു.
തെരഞ്ഞെടുപ്പു വേളയില്‍ കോടതി വിധി രാഷ്ട്രീയചര്‍ച്ചയായി മാറി. ഇതേത്തുടര്‍ന്ന് എല്ലാ പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും, ദുര്‍ബലമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടതെന്നുമാണ് അപ്പീലില്‍ പറയുന്നത്.