KeralaNEWS

കായംകുളം സി.പി.എമ്മില്‍ വീണ്ടും പൊട്ടിത്തെറി; ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഏരിയ കമ്മിറ്റിയംഗമടക്കം രാജിവച്ചു

ആലപ്പുഴ: കായംകുളം സി.പി.എമ്മില്‍ വീണ്ടും പൊട്ടിത്തെറി. ഏരിയ കമ്മിറ്റി അംഗവും മുന്‍ ഏരിയ കമ്മിറ്റി അംഗവും പാര്‍ട്ടി വിട്ടു. വിഭാഗീയതയില്‍ മനംനൊന്താണ് രാജിയെന്ന് ഇരുവരും രാജിക്കത്തില്‍ പറയുന്നു. ഇവര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാജി വയ്ക്കുന്നത്.

ഏരിയ കമ്മിറ്റി അംഗം കെഎല്‍ പ്രസന്നകുമാരിയും മുന്‍ ഏരിയ കമ്മിറ്റി അംഗം ബി ജയചന്ദ്രനുമാണ് രാജി വച്ചത്. 25 വര്‍ഷമായി ഏരിയ കമ്മിറ്റി അംഗമാണ് പ്രസന്നകുമാരി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എച്ച് ബാബുജാന്‍ അടക്കമുള്ളവര്‍ വിഭാഗീയത വളര്‍ത്തുന്നുവെന്നും, പാര്‍ട്ടിയിലെ വിഭാഗീയതയില്‍ മനംനൊന്താണ് രാജിയെന്നും ഇരുവരും രാജിക്കത്തില്‍ പറയുന്നുണ്ട്. ഇത് സിപിഎമ്മിന് തലവേദനയാകും.

Signature-ad

ദളിത് പിന്നോക്ക വിഭാഗങ്ങളിലുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട് , കൂടുതല്‍ ആളുകള്‍ ഉടന്‍ പാര്‍ട്ടി വിടുമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി ബാബുവിന്റെ അമ്മയാണ് കെഎല്‍ പ്രസന്നകുമാരി. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ കായംകുളത്ത് കടുത്ത വിഭാഗീയത ഉണ്ടായിരുന്നു. പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെട്ടെങ്കിലും ഫലം കണ്ടില്ല.

കായംകുളം സിപിഎമ്മില്‍ സമൂഹ മാധ്യമ പോര് മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയിരുന്നു. കായംകുളത്തെ നേതാക്കളുടെ രഹസ്യ പിന്തുണയോടെയാണ് ഇരുവിഭാഗം പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചത്. കായംകുളം ഏരിയ നേതൃത്വത്തിനെതിരെയുള്ള കടുത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ രാജി.

പുകയുന്ന അഗ്നി പര്‍വതമായി കായംകുളത്തെ സിപിഎം എന്ന തലക്കെട്ടിലാണ് ഫെയ്സ് ബുക്കില്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഏരിയ നേതൃത്വത്തോട് എതിര്‍പ്പുള്ള 1000 ത്തോളം പേര്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിവാദ കരിമണല്‍ കമ്പനിയുമായി കായംകുളത്തെ പ്രമുഖ നേതാവിന് ബന്ധം. ഈ കമ്പനിയുമായി ബന്ധമുള്ള ഒരാള്‍ ക്രിമിനല്‍ കേസ് പ്രതിയായപ്പോള്‍ പാര്‍ട്ടി ഓഫീസിലും സ്വന്തം വീട്ടിലും ഒരു നേതാവ് ഒളിത്താവളമൊരുക്കിയെന്നും ആക്ഷേപം ഉയര്‍ന്നു.

ബസിലെ കിളിയായും ഇന്‍സ്റ്റാള്‍മെന്റ് വില്‍പ്പനക്കാരനായും മുന്‍പ് ജോലി ചെയ്തിരുന്ന ഏരിയ നേതാവിന് ഇപ്പോള്‍ 20 കോടിയുടെ ആസ്തിയെന്നും കുറിപ്പില്‍ ആരോപിച്ചിരുന്നു. പാര്‍ട്ടിക്ക് വേണ്ടി കേസില്‍പ്പെട്ട സഖാക്കളുടെ ജീവിതം വഴിമുട്ടി. ബെനാമിയെ മുന്‍ നിര്‍ത്തി സ്വകാര്യ സ്‌കൂളുകളുടെ നടത്തിപ്പില്‍ നേതാവ് ഇടപെടുന്നതായും എഫ്ബി കുറിപ്പില്‍ പറയുന്നുണ്ട്.

സഹകരണ ബാങ്കുകളിലെ അഴിമതി, കള്ളുഷാപ്പുകള്‍ കോണ്‍ട്രാക്ട് നല്‍കുന്നതിന്റെ പിന്നിലെ ഇടപാടുകള്‍ തുടങ്ങിയവയെ കുറിച്ചും ആരോപണങ്ങളുണ്ട്. ഇതെല്ലാം ആളിക്കത്തിക്കുന്നതാണ് പ്രസന്നകുമാരിയുടേത് അടക്കമുള്ള രാജി.

 

Back to top button
error: