ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ഭർത്താവും പ്രശസ്ത സാമ്ബത്തിക വിദഗ്ധനുമായം പരകാല പ്രഭാകർ.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഭാരതീയ ജനതാ പാർട്ടി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുടെ ഭരണഘടന മാറും. പ്രധാനമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ലഡാക്ക് – മണിപ്പൂർ പോലെയുള്ള ഒരു സാഹചര്യം രാജ്യത്ത് ഉടനീളം ഉടലെടുക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
2024ല്‍ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഇന്ത്യയില്‍ ഇനി ഒരിക്കലും മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് പ്രഭാകർ പറഞ്ഞു. ചെങ്കോട്ടയില്‍ നിന്ന് മോദി തന്നെ വിദ്വേഷ പ്രസംഗം നടത്തുമെന്നും പ്രഭാകർ വിമർശിച്ചു. മൈക്രോബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ കോണ്‍ഗ്രസ് പങ്കുവെച്ച വീഡിയോയിലാണ് പരകാല പ്രഭാകറിൻ്റെ പരാമർശങ്ങള്‍.
ഇതിന് മുമ്ബും നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പരകാല പ്രഭാകര്‍ രംഗത്തെത്തിയിരുന്നു. ഭരണനിര്‍വഹണത്തില്‍ മോദിയ്ക്ക് കാര്യക്ഷമതയില്ലെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിലും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും മോദി വിദഗ്ധനാണെന്നും പ്രഭാകര്‍ പറഞ്ഞിരുന്നു. മോദി ഭരണകൂടത്തെ നിരൂപണം ചെയ്യുന്ന ‘ദി ക്രൂക്ക്ഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ: എസ്സേസ് ഓണ്‍ എ റിപ്പബ്ലിക് ഇന്‍ ക്രൈസിസ്’ എന്ന പുസ്തകവും പ്രഭാകര്‍ എഴുതിയിട്ടുണ്ട്.