KeralaNEWS

ജോസഫ് വിഭാഗത്തിന്റെ ഓഫീസില്‍നിന്ന് മാണിയുടെ ചിത്രവുമായി മടക്കം; സജി പഴയ തട്ടകത്തിലേക്കെന്നു സൂചന

കോട്ടയം: രാജിവെച്ച യു.ഡി.എഫ്. ജില്ലാ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റുമായിരുന്ന സജി മഞ്ഞക്കടമ്പില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നേക്കും. പാലായിലെ ജോസഫ് വിഭാഗത്തിന്റെ ഓഫീസില്‍ വെച്ചിരുന്ന കെ.എം. മാണിയുടെ ചിത്രം സജി മഞ്ഞക്കടമ്പില്‍ എടുത്തുകൊണ്ടുപോയി. താന്‍ ഇവിടെ ഒരു വസ്തുവെച്ചിട്ടുണ്ടെന്നും അത് എടുത്തുകൊണ്ടുപോകുകയാണെന്നും പറഞ്ഞാണ് സജി പാര്‍ട്ടി ഓഫീസിലെത്തി മാണിയുടെ ചിത്രം കൊണ്ടുപോയത്.

”മാണി സാറുമായുള്ള ബന്ധം വൈകാരികമാണ്. നാളെ മാണിസാറിന്റെ ചരമദിനമാണ്. അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണം” – സജി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായ തന്നെ മോന്‍സ് ജോസഫിന്റെ ധിക്കാരപരമായ സമീപനത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുദിക്കുന്നില്ലെന്നും സജി ആരോപിച്ചു.

Signature-ad

കഴിഞ്ഞ ദിവസമാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും കേരള കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷസ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചത്. പിന്നാലെ സജിയെ പുകഴ്ത്തി കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ. മാണി രംഗത്തെത്തിയിരുന്നു. രാജി യു.ഡി.എഫിനെ ബാധിക്കുമെന്നും മുന്നണിയുടെ ജില്ലയിലെ ഒന്നാമനാണ് വിട്ടുപോയതെന്നും ജോസ് പ്രതികരിക്കുകയുണ്ടായി.

അതേസമയം, രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടക്ക് സജിയെ പ്രകോപിപ്പിച്ച് രാജിവെക്കുന്ന സാഹചര്യം സൃഷ്ടിച്ച മോന്‍സ് ജോസഫിന്റെ പക്വത ഇല്ലാത്ത നടപടിയിലുള്ള അമര്‍ഷം േകാണ്‍ഗ്രസ് നേതാക്കള്‍ പി.ജെ. ജോസഫിനെ ധരിപ്പിച്ചുവെന്നാണ് വിവരം. സജി രാജിവെച്ച ഒഴിവിലേക്ക് മോന്‍സ് ജോസഫിന്റെ നോമിനിയെ തള്ളി ഇ.ജെ ആഗസ്തിയെ യുഡിഎഫ് ജില്ലാ ചെയര്‍മാനായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.

അഡ്വക്കറ്റ് പ്രിന്‍സ് ലൂക്കോസിനെ യുഡിഎഫ് ജില്ലാ ചെയര്‍മാനാക്കണമെന്ന മോന്‍സിന്റെ ആവശ്യം തള്ളിയാണ് യുഡിഎഫിന്റെ തീരുമാനം. മോന്‍സിന്‍െ്‌റ നടപടിയോടുള്ള അതൃപ്തിയാണ് കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിച്ചിരിക്കുന്നത്. തല്‍ക്കാലം ജോസഫ് ഗ്രൂപ്പിന്റെയോ മോന്‍സിന്റെയോ സമ്മര്‍ദ്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കേണ്ട എന്നായിരുന്നു ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

 

Back to top button
error: