കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരില്‍ അമ്മ തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരി അനാമിക മരിച്ചു. കഴിഞ്ഞ ദിവസം മക്കളെ തീകൊളുത്തി അമ്മ ജീവനൊടുക്കിയിരുന്നു. തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന(33)യാണ് മരിച്ചത്. ഏഴും രണ്ടും വയസുള്ള കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കുടുംബപ്രശ്നമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് 5-ന് രാവിലെ പത്ത് മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് അടുത്ത് താമസിക്കുന്നവര്‍ എത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ അമ്മയേയും മക്കളേയും കണ്ടത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അര്‍ച്ചന മരിച്ചിരുന്നു. കുട്ടികളെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അര്‍ച്ചനയുടെ ഭര്‍ത്താവ് മനു പെയിന്റിങ് തൊഴിലാളിയാണ്. പെയിന്റിംഗിന് ഉപയോഗിക്കുന്ന തിന്നര്‍ ഒഴിച്ചാണ് അര്‍ച്ചന തീകൊളുത്തിയത്.
അതേസമയം, പട്ടാമ്പി വല്ലപ്പുഴയില്‍ അമ്മയ്ക്ക് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കുംപറമ്പില്‍ പ്രദീപ്-ബീന ദമ്പതിമാരുടെ മകള്‍ നിഖ(12)യാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഞായറാഴ്ചയാണ് പ്രദീപിന്റെ ഭാര്യ ബീന(35)യെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മക്കളായ നിഖയെയും നിവേദ(ആറ്)യെയും പൊള്ളലേറ്റനിലയില്‍ മുറിയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ നിഖ മരണത്തിന് കീഴടങ്ങുകയായിരുന്നു.