NEWSWorld

ഇറാന്‍ എംബസിയിലെ ഇസ്രയേല്‍ ആക്രമണം; ഹിസ്ബുല്ലയെ ഇറക്കി തിരിച്ചടിക്കാന്‍ നീക്കം

ഡമാസ്‌കസ്: സിറിയയിലെ ഇറാന്‍ എംബസിക്കു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഇറാനിയന്‍ ജനറല്‍മാര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. എന്തു വിലകൊടുത്തും ഇസ്രയേലിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാനും ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ലയും മുന്നറിയിപ്പു നല്‍കി. ആക്രമണത്തേക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചില്ല. അതേസമയം, തിങ്കളാഴ്ച ദക്ഷിണ ഇസ്രയേലില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് ഇറാനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ഇസ്രയേല്‍ രംഗത്തെത്തി.

ഇസ്രയേലിന്റെ ആക്രമണത്തിന് ഇറാന്‍ കനത്ത തിരിച്ചടി നല്‍കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇറാന്റെ നിയന്ത്രണത്തിലുള്ള ഹിസ്ബുല്ലയ്ക്ക്, ഇസ്രയേലിനെതിരെ ആക്രമണം വ്യാപിപ്പിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയേക്കുമെന്ന് വാഷിങ്ടണിലെ ഫോറിന്‍ റിലേഷന്‍സ് കൗണ്‍സിലില്‍ അനലിസ്റ്റായ സ്റ്റീവന്‍ കുക്ക് ചൂണ്ടിക്കാട്ടി.

ഇറാന്‍ എംബസി ഉള്‍പ്പെടുന്ന മേഖലയില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആറ് മിസൈലുകള്‍ വര്‍ഷിച്ചതായാണ് വിവരം. ഡമാസ്‌കസിലെ മെസ ജില്ലയിലാണ് തിങ്കളാഴ്ച ആക്രമണം നടന്നത്. മൂന്ന് സീനിയര്‍ കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതായാണ് വിവരം. സിറിയന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ മേഗ്ദാദ് ആക്രമണത്തെ കടുത്ത ഭാഷയില്‍ അപലപിച്ചു. ഒരു കൂട്ടം നിരപരാധികളുടെ ജീവനെടുത്ത് ഡമാസ്‌കസിലെ ഇറാനിയന്‍ കോണ്‍സുലേറ്റ് ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തിനു നേരെ നടന്ന അതിക്രൂരമായ തീവ്രവാദി ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇറാനിയന്‍ എംബസിക്കു നേരെ നടന്ന ആക്രമണത്തില്‍ സിറിയയിലെ ഇറാന്‍ അംബാസഡര്‍ ഹുസൈന്‍ അക്ബാരി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സീനിയര്‍ കമാന്‍ഡര്‍ മുഹമ്മദ് റീസ സെഹാദി മരിച്ചവരുടെ കൂട്ടത്തിലുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിലെ ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രയേല്‍ മുന്‍പും ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും, എംബസിക്കു നേരെ ആക്രമണം നടത്തുന്നത് ഇതാദ്യമാണ്.

അതേസമയം, ഈ മേഖലയില്‍ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലബനീസ് തീവ്രവാദ സംഘടനയായ ഹിസ്ബുല്ല, ഇസ്രയേലിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചു. ആക്രമണം നടത്തിയവര്‍ക്ക് തക്കതായ ശിക്ഷയും പ്രതികാരവും ഉറപ്പാക്കാതെ മുന്നോട്ടു പോകില്ലെന്ന് സംഘടന പ്രസ്താവനയില്‍ അറിയിച്ചു. റഷ്യ, മുസ്‌ലിം രാജ്യങ്ങളായ ഇറാഖ്, ജോര്‍ദാന്‍, ഒമാന്‍, പാക്കിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ചു.

എഫ്-35 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ പറഞ്ഞു. ഇറാന്റെ പതാകയുള്ള എംബസി കെട്ടിടം ആക്രമിക്കാന്‍ ഇസ്രയേല്‍ തയാറാകുന്നത് ആദ്യമാണെന്നും ഇറാന്‍ ചൂണ്ടിക്കാട്ടി. അതേസമയം, ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടം കോണ്‍സുലേറ്റോ എംബസിയോ അല്ലെന്ന് ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി അവകാശപ്പെട്ടു.

ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ സിറിയയില്‍ മുന്‍പും ആക്രമണം നടത്തിയിരുന്നു. ഇറാനില്‍ നിന്നുള്ള ആയുധനീക്കം തടയാനാണ് ഇസ്രയേല്‍ ശ്രമമെന്നും വിലയിരുത്തലുണ്ട്. അതേസമയം, ഗാസയിലെ ഷിഫ ആശുപത്രി സമുച്ചയം നാശകൂമ്പാരമാക്കി ഇസ്രയേല്‍ രണ്ടാഴ്ചത്തെ സൈനിക നടപടി അവസാനിപ്പിച്ച് പിന്‍വാങ്ങി. സൈനിക നടപടി ലക്ഷ്യം കണ്ടെന്നും പ്രധാന നേതാക്കള്‍ ഉള്‍പ്പെടെ 200 ഹമാസ് പ്രവര്‍ത്തകരെ വധിക്കുകയും 900 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ഇസ്രയേല്‍ സേന അവകാശപ്പെട്ടു. ഹമാസ് ബന്ദികളാക്കിയവരില്‍ നൂറിലേറെപ്പേരെ ഇനിയും മോചിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും ഇസ്രയേലില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങി.

Back to top button
error: