MovieNEWS

”നജീബ് അനുഭവിച്ച ക്രൂരതകളുടെ പേരില്‍ ഒരു സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്തരുത്”

ദുബൈ: ‘ആടുജീവിത’ത്തിലെ നജീബ് അനുഭവിച്ച ക്രൂരതകളുടെ പേരില്‍ ഒരു സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് അറബ് നടന്‍ റിക്ക് അബേ. ദുബൈയില്‍ സിനിമയുടെ കന്നിപ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമകളില്‍ ഇനിയും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും റിക്ക് അബേ മാധ്യമങ്ങളോട് പറഞ്ഞു.

ആടുജീവിതത്തില്‍ നജീബിന്റെ മസ്റ ഉടമകളില്‍ ഒരാളുടെ വേഷം കൈകാര്യം ചെയ്യുന്ന നടനാണ് റിക്ക് അബേ. നജീബിനുണ്ടായ ദുരനുഭവം ആര്‍ക്കും സംഭവിക്കാമെന്നും എന്നാല്‍, നേരിടേണ്ടി വന്ന ക്രൂരതയുടെ പേരില്‍ ഒരു സമുഹത്തെ മുഴുവന്‍ പഴിക്കാനാവില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ബെന്യാമിന്റെ നോവല്‍ സ്‌ക്രീനിലെത്തിക്കാന്‍ പൃഥ്വിരാജും ബ്ലെസിയും എടുത്ത പരിശ്രമങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്ന് റിക്ക് പറഞ്ഞു.

ആടുജീവിതത്തിലെ നജീബിനെ നേരില്‍ കണ്ടിരുന്നു. പിന്നീട് പൃഥ്വിരാജിനെ കണ്ടപ്പോള്‍ തനിക്ക് രണ്ടുപേരെയും മാറിപ്പോകുന്നവിധം സാമ്യം അനുഭവപ്പെട്ടു. അസാമാന്യ പ്രതിഭകളാണ് മലയാള സിനിമ പ്രവര്‍ത്തകരെന്നും നിരവധി ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ച റിക്ക് അബേ പറഞ്ഞു. സുഡാന്‍ വേരുകളുള്ള റിക്ക് അബേ വര്‍ഷങ്ങളായി യു.എ.ഇയിലാണ് താമസം ഹോളിവുഡ് സിനിമകള്‍ക്ക് പുറമേ നിരവധി ഇമറാത്തി സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

അതേസമയം, ‘ആടുജീവിതം’ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ നന്ദി അറിയിച്ച് പൃഥ്വിരാജ് രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് താരം നന്ദി അറിയിച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ആടുജീവിതം. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ചെങ്കിലും വര്‍ഷങ്ങളുടെ തയാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. കോവിഡ് കാലത്ത് ചിത്രീകരണം നീണ്ടുപോവുകയും ചെയ്തു. ചിത്രത്തിനായി പൃഥ്വിരാജ് 30 കിലോയോളം ഭാരം കുറച്ചിരുന്നു.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രത്തില്‍ നജീബിന്റെ കഥാപാത്രമാകാനായുള്ള പൃഥ്വിരാജിന്റെ കഠിനാധ്വാനം സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. മലയാള സിനിമയില്‍ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രമാണ് ആടുജീവിതം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിച്ച ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.

വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തിയത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ.ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്ക് അബേ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുക്കിയിട്ടുണ്ട്.

സുനില്‍ കെ.എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രിന്‍സ് റാഫേല്‍, ദീപക് പരമേശ്വരന്‍, കോസ്റ്റ്യൂം ഡിസൈനര്‍ – സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – റോബിന്‍ ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ – സുശീല്‍ തോമസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – പ്രശാന്ത് മാധവ്, മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി – അശ്വത്, സ്റ്റില്‍സ് – അനൂപ് ചാക്കോ, മാര്‍ക്കറ്റിങ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

 

Back to top button
error: