IndiaNEWS

”മന്ത്രിമാരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുന്നത് കുടുംബ രാഷ്ട്രീയമല്ല”!!!

ബംഗളൂരു: മന്ത്രിമാരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുന്ന കുടുംബ രാഷ്ട്രീയമാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വോട്ടര്‍മാരുടെ ശിപാര്‍ശ അംഗീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മരുമകനും അഞ്ച് മന്ത്രിമാരുടെ മക്കളും ഇടംപിടിച്ചിട്ടുണ്ട്. ”മണ്ഡലത്തിലെ ജനങ്ങള്‍ ശിപാര്‍ശ ചെയ്തവര്‍ക്കാണ് ഞങ്ങള്‍ ടിക്കറ്റ് നല്‍കിയത്. ഇത് കുടുംബ രാഷ്ട്രീയമല്ല.ജനങ്ങളുടെ അഭിപ്രായം അംഗീകരിക്കുകയാണ്” സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കര്‍ണാടക മന്ത്രിമാരുടെ 10 കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഖാര്‍ഗെയുടെ മരുമകന്‍ രാധാകൃഷ്ണ ദൊഡ്ഡമണി ഗുല്‍ബര്‍ഗ (കലബുറഗി) ലോക്സഭാ മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കുന്നത്. പിഡബ്ല്യുഡി മന്ത്രി സതീഷ് ജാര്‍ക്കിഹോളിയുടെ മകള്‍ പ്രിയങ്ക ജാര്‍ക്കിഹോളി ചിക്കോടിയില്‍ നിന്നും ജനവിധി തേടും. ബംഗളൂരു സൗത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ സിറ്റിംഗ് എം.പി തേജസ്വി സൂര്യയ്ക്കെതിരെ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡി മത്സരിക്കും.

ടെക്സ്റ്റൈല്‍ മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകള്‍ സംയുക്ത എസ് പാട്ടീല്‍ ബഗല്‍കോട്ടില്‍ നിന്നും വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ മകന്‍ മൃണാള്‍ ഹെബ്ബാള്‍ക്കര്‍ ബെല്‍ഗാവില്‍ (ബെലഗാവി)നിന്നും വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെയുടെ മകന്‍ സാഗര്‍ ഖണ്ഡ്രെ ബിദാറില്‍ നിന്നും മത്സരിക്കും. മുന്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ കെ റഹ്‌മാന്‍ ഖാന്റെ മകന്‍ മന്‍സൂര്‍ അലി ഖാന്‍ ബെംഗളൂരു സെന്‍ട്രലില്‍ നിന്നും മന്ത്രി എസ്.എസ് മല്ലികാര്‍ജുന്റെ ഭാര്യ പ്രഭ മല്ലികാര്‍ജുന്‍ ദാവംഗരെയില്‍ നിന്നും ജനവിധി തേടും.

കര്‍ണാടകയില്‍ അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക ഒന്നോ രണ്ടോ ദിവസത്തിനകം പാര്‍ട്ടി പുറത്തുവിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകയില്‍ 20 ലോക്‌സഭാ സീറ്റുകളിലെങ്കിലും വിജയിക്കുമെന്നും സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കര്‍ണാടകയിലെ 28 സീറ്റുകളിലും വിജയിക്കുമെന്ന് പറയുന്ന ബി.ജെ.പിയെപ്പോലെ താന്‍ കള്ളം പറയില്ലെന്നും തന്റെ അഭിപ്രായത്തില്‍ അത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ സഹായിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ‘ഞങ്ങള്‍ ഈ വര്‍ഷം 36,000 കോടി ചെലവഴിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 52,900 കോടി വകയിരുത്തും. ഞങ്ങള്‍ ബി.ജെ.പിയെപ്പോലെ കള്ളം പറയില്ല. ഞങ്ങള്‍ വാഗ്ദാനം ചെയ്തത് നടപ്പിലാക്കും,’ സിദ്ധരാമയ്യ പറഞ്ഞു.

തെരഞ്ഞെടുപ്പിലെ നേട്ടങ്ങളെയാണ് തന്റെ പാര്‍ട്ടി ആശ്രയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, വാഗ്ദാനങ്ങള്‍ ഒരിക്കലും നടപ്പാക്കാത്ത ബി.ജെ.പിയില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങള്‍ തന്റെ സര്‍ക്കാരിനെ വിശ്വസിക്കുന്നുവെന്ന് പറഞ്ഞു. ”2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 600 വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും 10 ശതമാനം പോലും നിറവേറ്റിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി നിങ്ങള്‍ക്ക് 15 ലക്ഷം രൂപ നല്‍കിയോ? അദ്ദേഹം ചോദിച്ചു.

 

Back to top button
error: