KeralaNEWS

ലോറി തട്ടി പൊട്ടിവീണ കേബിള്‍ സ്‌കൂട്ടറില്‍ കുരുങ്ങി; യുവതിക്ക് ഗുരുതരപരിക്ക്

കൊല്ലം: തഴവയില്‍ കേബിള്‍ സ്‌കൂട്ടറില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. തടി കയറ്റിവന്ന ലോറി തട്ടി റോഡരികിലെ കേബിള്‍ പൊട്ടി സ്‌കൂട്ടറിലേക്ക് വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ സന്ധ്യ എന്ന യുവതിക്കാണ് പരിക്കേറ്റത്. ലോറിയില്‍ കുരുങ്ങിയ കേബിള്‍ യുവതിയെ മുന്നോട്ട് വലിച്ചിഴക്കുകയും മുകളിലേക്ക് ഉയര്‍ന്നുപൊങ്ങിയ സ്‌കൂട്ടര്‍ യുവതിയുടെ മുകളിലേക്ക് പതിക്കുകയുമായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. കൊച്ചുകുറ്റിപ്പാലത്ത് വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ഭര്‍ത്താവ് തുളസീധരനൊപ്പം സന്ധ്യയും സഹായത്തിനെത്താറുണ്ട്. കടയില്‍നിന്ന് ഇറങ്ങി ആക്ടിവയില്‍ കയറിയപ്പോള്‍ കേബിള്‍ പൊട്ടി സ്‌കൂട്ടറില്‍ വീഴുകയും സന്ധ്യയെ വലിച്ചുമുന്നോട്ട് കൊണ്ടു പോകുകയുമായിരുന്നു.

20 മീറ്ററോളം യുവതി കേബിളില്‍ കുരുങ്ങി മുന്നോട്ട് നീങ്ങി. നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് ലോറി നിര്‍ത്തിയത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: