LocalNEWS

രണ്ടിലയുടെ പച്ചപ്പില്‍ എല്‍ഡിഎഫ്; എന്നും ഒരേ ചിഹ്‌നത്തില്‍ ചാഴികാടന്‍

കോട്ടയം: എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ രണ്ടിലയുടെ പച്ചപ്പും. വികസനമുന്നേറ്റത്തിലൂടെ മണ്ഡലം നിറഞ്ഞുനില്‍ക്കുന്ന തോമസ് ചാഴികാടന്‍ ചിഹ്നം ഉപയോഗപ്പെടുത്തി പ്രചരണരംഗം കീഴടക്കുമ്പോള്‍ എതിരാളികള്‍ ചിഹ്നത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. തോമസ് ചാഴികാടന്റെ പ്രചരണസാമഗ്രികളിലെല്ലാം രണ്ടില ചിഹ്നം ആദ്യം മുതല്‍തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ചുവരെഴുത്തിലും പോസ്റ്ററുകളിലും സാമൂഹിക മാധ്യമങ്ങളിലുമൊക്കെ രണ്ടില തളിര്‍ത്ത് നില്‍ക്കുകയാണ്.

എന്നാല്‍ മണ്ഡലത്തിലെ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ചിഹ്നം തേടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. രണ്ട് സ്ഥാനാര്‍ത്ഥികളുടേയും കാത്തിരിപ്പ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കല്‍ വരെ നീളും. ചിഹ്നത്തിന്റെ അഭാവം മൂലം ചുവരെഴുത്തുകളും പോസ്റ്ററുകളും കൊഴുപ്പിക്കാന്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും കഴിഞ്ഞിട്ടില്ല. രണ്ടിലയോടുള്ള വൈകാരിക ബന്ധവും പരിചയവും എല്‍ഡിഎഫ് നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്.

Signature-ad

ലോകസഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ എല്ലാ മത്സരങ്ങളിലും രണ്ടിലയില്‍ ചിഹ്നത്തില്‍ മാത്രമാണ് തോമസ് ചാഴികാടന്‍ മത്സരിച്ചിട്ടുള്ളതെന്നതും വലിയ പ്രത്യേകതയാണ്. എതിരാളികള്‍ക്ക് ഈ അവകാശവാദത്തിന് അര്‍ഹതയില്ലെന്നതും എല്‍ഡിഎഫിന് നേട്ടമാണ്.
1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ ഏറ്റുമാനൂരില്‍ നിന്ന് നിയമസഭാംഗമായും 2019ല്‍ കോട്ടയത്ത് നിന്ന് പാര്‍ലമെന്റംഗമായും തോമസ് ചാഴികാടന്‍ മത്സരിച്ച് വിജയിച്ചത് രണ്ടിലചിഹ്നത്തിലായിരുന്നു. ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ പരാജയം രുചിച്ച മത്സരങ്ങളിലും തോമസ് ചാഴികാടന്റെ മത്സരം രണ്ടില ചിഹ്നത്തില്‍ തന്നെയായിരുന്നു. എതിരാളികള്‍ക്ക് ചിഹ്നമില്ലാത്ത സാഹചര്യത്തില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരും വലിയ ആവേശത്തിലാണ് രണ്ടിലയെ ഉയര്‍ത്തിപ്പിടിക്കാന്‍.

Back to top button
error: