പത്തനംതിട്ട പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടില്‍ എം. സുരേഷ് (50) ആണ് കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശികളായ നാല് യുവാക്കളാണ് അറസ്റ്റിലായത്. വേളൂർ പുളിനാക്കല്‍ നടുത്തരവീട്ടില്‍ ശ്യാംരാജ് (28), വേളൂർ പുളിക്കമറ്റം വാഴേപ്പറമ്ബില്‍ ആദർശ് (24), വേളൂർ പതിനാറില്‍ചിറ കാരക്കാട്ടില്‍ വീട്ടില്‍ ഏബല്‍ ജോണ്‍ (21), തിരുവാർപ്പ് കാഞ്ഞിരം ഷാപ്പുംപടി പള്ളത്തുശ്ശേരില്‍ വീട്ടില്‍ ജെബിൻ ജോസഫ് (27) എന്നിവരാണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
കോട്ടയം ടി.ബി. റോഡ് ഭാഗത്തുള്ള ജോയ്സ് ബാറില്‍ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട സുരേഷ്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.ശ്യാം രാജും ആദർശും ബാറില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെ പുകവലിച്ചത് സുരേഷും മറ്റുജീവനക്കാരും വിലക്കി.
വാക്കേറ്റമുണ്ടായതോടെ ഏബലിനെയും ജെബിനെയും വിളിച്ചുവരുത്തി. തുടർന്ന് രാത്രി പതിനൊന്നുമണിയോടുകൂടി ബാറിന്റെ മുൻവശത്ത് ഇവർ സംഘം ചേർന്ന് സുരേഷിനെ ചീത്തവിളിക്കുകയും കൈയില്‍ കരുതിയിരുന്ന കരിങ്കല്ലുകൊണ്ട് എറിയുകയുമായിരുന്നു.
തലയ്ക്ക് പിറകില്‍ മാരകമായി പരിക്കേറ്റ സുരേഷിനെ ഉടൻ കോട്ടയം ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.