ഒടുവിൽ സുരേഷ് ഗോപി സമ്മതിച്ചു: പത്മശ്രീ അവാർഡിന് സഹായം അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി തന്നെ ബന്ധപ്പെട്ടിരുന്നു
കലാമണ്ഡലം ഗോപിയുടെ പത്മ അവാർഡ് വിവാദങ്ങളിൽ പ്രതികരണവുമായി നടൻ സുരേഷ് ഗോപി. പത്മശ്രീ അവാർഡിന് സഹായം അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി തന്നെ ബന്ധപ്പെട്ടിരുന്നു. 2015 വരെ അവാർഡ് നിർണയത്തിൽ പല അഴിമതിയും നടന്നിട്ടുണ്ട്. അതിനാൽ തനിക്ക് ഇടപെടാൻ കഴിയില്ലെന്നും സെൽഫ് അഫിഡവിറ്റ് നൽകാനും നിർദ്ദേശിച്ചു. താൻ ഇതുവരെയും അത് പുറത്തു പറയാതിരുന്നത് കലാമണ്ഡലം ഗോപിയെയും കുടുംബത്തെയും മാനിച്ചാണ്. കലാമണ്ഡലം ഗോപി തന്നെ എല്ലാം വെളിപ്പെടുത്തിയതിൽ സന്തോഷം. വീട്ടിലെത്തി അദ്ദേഹത്തെകാണില്ല
കലാമണ്ഡലം ഗോപിക്ക് ചില രാഷ്ട്രീയ ബാധ്യതകൾ ഉണ്ട്. ആ രാഷ്ട്രീയ ബാധ്യതകൾ ഓർത്താണ് വീട്ടിലേക്കുള്ള സന്ദർശനം ഒഴിവാക്കുന്നത്. താൻ സ്വന്തം ഇഷ്ടപ്രകാരം ഒരു സന്ദർശനവും നടത്തിയിട്ടില്ല. കരുണാകരന്റെ ബന്ധുവീട്ടിലേക്ക് പോയതുപോലും ക്ഷണം സ്വീകരിച്ച് ആണെന്നും അദ്ദേഹം പറഞ്ഞു.
പദ്മ പുരസ്‌കാരം വാങ്ങി തരുമോ എന്ന് സുരേഷ് ഗോപിയോട് അങ്ങോട്ടാണ് ചോദിച്ചതെന്ന് കലാമണ്ഡലം ഗോപി നേരത്ത തന്നെ വ്യക്തമാക്കിയിരുന്നു. അത് തന്നെക്കൊണ്ട് സാധിക്കുന്ന കാര്യമല്ലെന്ന് സുരേഷ് ഗോപി അന്നു തന്നെ മറുപടി പറഞ്ഞതായും ഗോപിയാശൻ പറഞ്ഞു.
‘സുരേഷ് ഗോപിയുമായി എനിക്കുള്ളത് വളരെ വർഷക്കാലത്തെ സ്‌നേഹബന്ധമാണ്. ഒരു ഫംഗ്ഷന് രണ്ടു പേരും ഒന്നിച്ചുണ്ടായിരുന്നു. അന്ന് തിരിച്ചു പോകുമ്പോൾ സ്‌നേഹത്തിന്റെ പുറത്ത് പദ്മ അവാർഡ് വാങ്ങി തരാൻ ശ്രമിക്കുമോ എന്ന് ചോദിച്ചു. അത് താൻ വിചാരിച്ചിട്ട് കാര്യമില്ലെന്ന് സുരേഷ് ഗോപി മറുപടിയും നൽകി. അതിന് ശേഷം ഇതിനെ കുറിച്ച് ഞങ്ങൾ സംസാരിച്ചിട്ടില്ല.’ ഗോപിയാശൻ വ്യക്തമാക്കി.
കലാമണ്ഡലം ഗോപിയുടെ മകൻ രഘുരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു. തന്റെ അച്ഛനുമായുള്ള ബന്ധം മുതലെടുത്ത് പലരും സുരേഷ് ഗോപിക്ക് വേണ്ടി അദ്ദേഹത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് രഘുരാജ് ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നു. പദ്മ പുരസ്‌കാരം പേര് കൂടി വലിച്ചഴിച്ചായിരുന്നു രഘുരാജിന്റെ പോസ്റ്റ്.
കുറിപ്പ് വിവാദമായതിന് പിന്നാലെ രഘുരാജ് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.