ബംഗളൂരു: മൂന്നാമത് ദേശീയ ഓപണ്‍ ജംപ്സ് മത്സരത്തില്‍ നാലു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി കേരളത്തിന് മികച്ച നേട്ടം.
കെങ്കേരിയിലെ അഞ്ജു ബോബി ജോർജ് ഹൈ പെർഫോമൻസ് സെന്ററില്‍ നടന്ന മത്സരത്തിൽ ലോങ്ജംപില്‍ പുരുഷ വിഭാഗത്തില്‍ 7.94 മീറ്റർ മറികടന്ന് മുഹമ്മദ് അനീസും വനിത വിഭാഗത്തില്‍ 6.67 മീറ്റർ ചാടി നയന ജയിംസും സ്വർണമണിഞ്ഞു.
വനിത ഹൈജംപില്‍ 1.76 മീറ്റർ ചാടിയ മലയാളി താരം ആതിര സോമരാജും ട്രിപ്ള്‍ ജംപ് പുരുഷ വിഭാഗത്തില്‍ അബ്ദുല്ല അബൂബക്കറും സ്വർണം നേടി. ട്രിപ്ള്‍ ജംപില്‍ മലയാളി എല്‍ദോസ് പോളിനാണ് വെള്ളി.
വനിത പോള്‍വാള്‍ട്ടില്‍ തമിഴ്നാടിന്റെ പവിത്ര വെങ്കടേശിനു പിന്നില്‍ കേരളത്തിന്റെ മരിയ ജയ്സണ്‍ വെള്ളി നേടി. വനിത ട്രിപ്പിൾ ജംപില്‍ എൻ.വി. ഷീന കേരളത്തിനായി വെങ്കലം നേടി. മഹാരാഷ്ട്രയുടെ പൂർവ, ഷർവാണി എന്നിവർ ഒന്നും രണ്ടും സ്ഥാനത്തെത്തി