KeralaNEWS

കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്; എന്താണ് ഇ.ഡി ചെയ്യുന്നതെന്ന് ഹൈക്കോടതി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം നീണ്ടു പോകുന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി വിമര്‍ശനം. ഈ കേസില്‍ എന്താണ് ഇ.ഡി ചെയ്യുന്നതെന്നും അന്വേഷണം ഇഴയാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. അലി സാബ്രിയുെട കേസുമായി ബന്ധപ്പെട്ട് ഇ.ഡി വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

നേരത്തെ, അലി സാബ്രിയുടെ ഹര്‍ജി തള്ളണമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ ക്രമക്കേടുകള്‍ക്ക് തെളിവുണ്ടെന്നും ഇ.ഡി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ ഇക്കാര്യം കോടതി ആരാഞ്ഞു. ഇതിനിടെയാണ് കരുവന്നൂരുമായി ബന്ധപ്പെട്ട് അന്വേഷണം നീളുന്നതില്‍ കോടതി അനിഷ്ടം രേഖപ്പെടുത്തിയത്. നേരത്തെ കേസ് പരിഗണിച്ചപ്പോഴും കോടതി ഈ നിരീക്ഷണം നടത്തിയിരുന്നു. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കരുവന്നൂരുമായി ബന്ധപ്പെട്ട് ലഭിച്ച മൊഴികളില്‍ നിന്ന് ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമായിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു. ഇവര്‍ക്കടക്കം സമന്‍സ് അയയ്ക്കാനുള്ള തയാറെടുപ്പിലാണ് തങ്ങളെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കോടതി ഇന്നും അന്വേഷണം വൈകുന്ന കാര്യം പരാമര്‍ശിച്ചത്.

Signature-ad

എല്ലാക്കാലത്തും അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല. നിക്ഷേപകരടക്കം അനേകം പേരെ ബാധിക്കുന്ന കാര്യമാണിത്. അവര്‍ക്ക് എന്ത് ഉറപ്പ് കൊടുക്കും? ഒരു അന്വേഷണ ഏജന്‍സി കാര്യപ്രാപ്തി തെളിയിക്കേണ്ടത് അവരുടെ നടപടിയിലൂടെയാണ്. അന്വേഷണത്തിന് ഒരു സമയക്രമം ഉണ്ടാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് അലി സാബ്രിയുമായി ബന്ധപ്പെട്ട കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. കേസന്വേഷണം സമയബന്ധിതമായി മുന്നോട്ടു പോകുന്നുണ്ടെന്നും നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. കേസ് രണ്ടാഴ്ചയ്ക്ക്‌ േശഷം വീണ്ടും പരിഗണിക്കും.

പരാതിക്കാരനായ അലി സാബ്രിക്കെതിരെ ഗുരുതരമായ കേസാണുള്ളതെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. അലി സാബ്രി ഭാര്യയുടെ പേരിലുള്ള സ്ഥലം കരുവന്നൂര്‍ ബാങ്കില്‍ ഈടുവച്ച ശേഷം വായ്പ എടുത്ത് ആ പണം ഫിക്‌സഡ് ഡിപ്പോസിറ്റായി അന്നു തന്നെ ഇടുകയാണ് ചെയ്തത്. എന്തിനാണോ വായ്പ എടുത്തത്, അതിനു മാത്രം ഈ പണം ഉപയോഗിച്ചിട്ടില്ല. പൊള്ളാച്ചിയില്‍ സ്ഥലം വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കുമാണ് ഈ പണം ഉപയോഗിച്ചിട്ടുള്ളത്.

ഈ സ്ഥലം പിന്നീട് വാടാനപ്പിള്ളി സ്വദേശികളായ ജോസഫിനും ഭാര്യ റോസിക്കും മറിച്ചുവിറ്റു. പൊള്ളാച്ചിയിലെ സ്ഥലത്തിന് പകരമായി അലി സാബ്രിക്ക് ലഭിച്ചത് തൃശൂര്‍ മെഡിക്കല്‍ കോളജിനടുത്ത് ഒരേക്കര്‍ സ്ഥലമാണ്. പിന്നീട് ഇത് വിറ്റിട്ട് ഗോവിന്ദപുരത്ത് സ്ഥലം വാങ്ങി. ഏറ്റവുമൊടുവില്‍ ഇത് വിറ്റിട്ട് ആ പണം പ്രൈം ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്‌സ് എന്ന തങ്ങളുടെ ബിസിനസില്‍ ഇറക്കുകയായിരുന്നു എന്നും ഇ.ഡി പറയുന്നു. അലി സാബ്രിക്ക് സ്വന്തം പേരിലും കുടുംബക്കാരുടെയും മറ്റുള്ളവരുടെയും പേരില്‍ എല്ലാമായി 6.60 കോടി രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയായി ലഭിച്ചിട്ടുള്ളതെന്നും ഇ.ഡി പറയുന്നു.

 

Back to top button
error: