LocalNEWS

വോട്ടര്‍മാരെ നേരില്‍ കണ്ട് ചാഴികാടന്‍; മണ്ഡലം കണ്‍വന്‍ഷനുകള്‍ തുടരുന്നു

കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേനാളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തിരക്കിന്റെ ദിനം. സൗഹൃദ സന്ദര്‍ശനങ്ങളിലും പൊതുപരിപാടികളികളിലും സ്ഥാനാര്‍ത്ഥി സജീവമായിരുന്നു. വെള്ളി രാവിലെ 9.30ന് ഉദയനാപുരം ഈസ്റ്റില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയുടെ സൗഹൃദ സന്ദര്‍ശനം തുടങ്ങിയത്. പിന്നീട് വൈക്കം നഗരത്തിലെ കടകളിലും സ്ഥാപനങ്ങളിലും കയറി വോട്ടഭ്യര്‍ത്ഥിച്ചു. കോടതിയിലെത്തി അഭിഭാഷകരോടും ബിഎസ്എന്‍എല്‍ ഓഫീസിലെത്തി ഉദ്യോഗസ്ഥരോടും വോട്ട് ചോദിച്ചു. താലൂക്ക് ഓഫീസ്, ബോട്ടുജെട്ടി എന്നിവിടങ്ങളില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ ആളുകള്‍ സ്വീകരിച്ചു. ബോട്ടില്‍ കയറിയും സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. പിന്നീട് തലയോലപ്പറമ്പ് ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിലും തോമസ് ചാഴികാടന്‍ പങ്കെടുത്തു. ഭക്തരെ കണ്ട് വോട്ടും ചോദിച്ച് ഉത്സവാശംസകളും നേര്‍ന്നാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.

തലയോലപ്പറമ്പിലെ അസ്സീസി ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ സ്ഥാനാര്‍ത്ഥിയെത്തിയപ്പോള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിച്ചു. യൂത്ത് ഫ്രണ്ട് ആശാഭവന് നല്‍കിയ രണ്ടു വീല്‍ചെയറുകളും സ്ഥാനാര്‍ത്ഥി കൈമാറി. ആശാഭവന്റെ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കമെന്നും അദ്ദേഹം ഉറപ്പു നല്‍കി. പിന്നീട് കോട്ടയം തിരുന്നക്കരയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു. രാജ്യത്തെ വിഭജിക്കുന്ന നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന ആവശ്യം ആവര്‍ത്തിച്ചു വ്യക്തമാക്കി തോമസ് ചാഴികാടന്‍. പരിപാടിക്ക് ശേഷം വിശ്രമം പോലുമില്ലാതെ നേരത്തെ തീരുമാനിച്ച വൈക്കത്തെ പഞ്ചായത്തുകളിലെ സൗഹൃദ സന്ദര്‍ശനത്തിലേക്ക്.

Signature-ad

വെള്ളൂര്‍, വടകര, ബ്രഹ്‌മമംഗലം, മറവന്‍തുരുത്ത്, ചെമ്പ്, കെഎസ് മംഗലം എന്നിവിടങ്ങളിലും സ്ഥാനാര്‍ത്ഥി എത്തി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സ്ഥാനാര്‍ത്ഥിയെ കാത്ത് ഇവിടെയുണ്ടായിരുന്നത്. എല്ലാവരോടും ചെറുവാക്കില്‍ വോട്ടഭ്യര്‍ത്ഥന. രാത്രി വൈകി സന്ദര്‍ശനം പൂര്‍ത്തിയാക്കി കോട്ടയത്തേക്ക്. യാത്രയ്ക്കിടയിലും ഫോണില്‍ സൗഹൃദം പുതുക്കലും വോട്ടഭ്യര്‍ത്ഥനയും തുടര്‍ന്നു. അതിനിടെ മണ്ഡലം കണ്‍വന്‍ഷനുകളും പുരോഗമിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും പ്രചാരണത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബഹുദൂരം മുന്നിലാണ്.

 

Back to top button
error: