ചെന്നൈ: സാമ്ബാർ ചോദിച്ചിട്ട് നല്‍കാത്തതില്‍ പ്രകോപിതരായി ഹോട്ടല്‍ ജീവനക്കാരനെ അടിച്ചു കൊലപ്പെടുത്തിയ അച്ഛനും മകനും പിടിയില്‍.
ചെന്നൈ പലവരത്തുള്ള ആടയാർ ആനന്ദ ഭവനിലെ സൂപ്പർവൈസറായ അരുണിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ ശങ്കറും മകൻ അരുണ്‍ കുമാറുമാണ് പിടിയിലായത്.
ഇന്നലെ രാവിലെ കടയില്‍ ഭക്ഷണം വാങ്ങിക്കാൻ എത്തിയതായിരുന്നു ശങ്കറും മകൻ അരുണ്‍ കുമാറും. ഭക്ഷണം പാർസല്‍ വാങ്ങാൻ ഓർഡർ ചെയ്തതിന് ശേഷം സാമ്ബാർ അധികം വേണമെന്ന് ശങ്കർ ആവശ്യപ്പെട്ടു. എന്നാല്‍ അധികം സാമ്ബാർ നല്‍കാനാകില്ലെന്ന് ഹോട്ടല്‍ ജീവനക്കാരൻ പറഞ്ഞതോടെ ഇവർ കടയിലെ സാധനങ്ങള്‍ നശിപ്പിച്ചു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തു.
ഇതിനിടെ ഇവരെ പിടിച്ചുമാറ്റാനെത്തിയ അരുണിനെയും ഇവർ ആക്രമിക്കുകയായിരുന്നു. ബോധരഹിതനായി നിലത്ത് വീണ അരുണിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.