കാസർകോട്: രാഷ്ട്രീയ കക്ഷികൾ ഇലക്ടറൽ ബോണ്ട് കൈപ്പറ്റിയതിൻ്റെ വിവരം പുറത്ത് വിടണമെന്ന സുപ്രീം കോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ സിപിഎം 367 കോടി രൂപ ഇലക്ടറൽ ബോണ്ട് കൈപ്പറ്റിയെന്ന് ലേഖനം പ്രസിദ്ധീകരിച്ചതിന് കന്നഡ പത്രത്തിനെതിരെ കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദ വക്കീൽ നോട്ടീസ് അയച്ചു.
മോദി സർകാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കിയതിനെത്തുടർന്ന് ഫെബ്രുവരി 16ന് പത്രത്തിന്റെ എഡിറ്റ് പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബിജെപി, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾക്കൊപ്പം സിപിഎമ്മും 367 കോടിയുടെ ബോണ്ട് സ്വീകരിച്ചതായി പരാമർശിച്ചിരുന്നു.
അടിസ്ഥാന രഹിത പരാമർശം തിരുത്തി പത്രത്തിൽ ക്ഷമാപണം നടത്തണമെന്നും അല്ലാത്തപക്ഷം എഴുദിവസത്തിനകം നിയമനടപടി സ്വീകരിക്കുമെന്നും അഡ്വ. ആർ ഉദയകുമാർ മുഖേന നൽകിയ നോട്ടീസിൽ പറയുന്നു. ഇലക്ടറൽ ബോണ്ട് കേസിൽ പരാതി നൽകിയ രാഷ്ട്രീയ കക്ഷിയാണ് സിപിഎം എന്നും ആ പാർട്ടിക്ക് എതിരെയാണ് പത്രം ലേഖനം പ്രസിദ്ധീകരിച്ചതെന്നും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ഉയർന്നിരുന്നു.