കൊച്ചി: ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ കാണികളുടെ കണ്ണീരിനു മുൻപിൽ ഏങ്ങലടിച്ച് അവരും നിന്നു.ആര് ആരെ ആശ്വസിപ്പിക്കുമെന്ന അവസ്ഥ!
നമ്മുടെ സമയമല്ലെന്ന് ആ കളിക്കാരെ കെട്ടിപ്പിടിച്ചു കോച്ച് ഇവാൻ വുകമനോവിച്ച് പറഞ്ഞതോടെ അതൊരു സുനാമി തിരമാലയായി സ്റ്റേഡിയം ഏറ്റുപിടിച്ചു.
ഇനി നാല് മത്സരങ്ങളാണ് അവശേഷിച്ചിരിക്കുന്നത്.ഈ നാല് മത്സരങ്ങളിൽ അഞ്ച് പോയിന്റ് നേടിയാൽ കേരള ബ്ലാസ്റ്റേഴ്സിന് അവസാന ആറിൽ കയറാം.2023-24 ഐഎസ്എൽ സീസണിന്റെ ആദ്യ പകുതി ഡിസംബർ 31 ന് അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്.പ്രമുഖ താരങ്ങളുടെ പരിക്കാണ് അവർക്ക് തിരിച്ചടിയായത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തം മൈതാനത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി.കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോട് മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.
ആദ്യ പകുതിയുടെ നാലാം മിനിറ്റിൽ തന്നെ മോഹൻ ബഗാൻ 1-0 ന് മുൻപിലെത്തിയിരുന്നു.അർമാൻഡോ സാദികുവാണ് ഗോൾ നേടിയത്.ആദ്യ പകുതിയിൽ മോഹൻ ബഗാൻ എതിരില്ലാത്ത ഈ ഒരു ഗോളിനു മുന്നിലായിരുന്നു.
മോഹൻ ബഗാനായി അർമാൻഡോ സാദികു ഇരട്ടഗോൾ നേടുകയും ചെയ്തു.4, 60 മിനിറ്റുകളിലായിരുന്നു സാദികുവിന്റെ ഗോളുകൾ. ദീപക് താംഗ്രി (68), ജെയ്സൻ കുമ്മിങ്സ് (90+7) എന്നിവരാണ് മോഹൻ ബഗാനായി മറ്റ് ഗോളുകൾ നേടിയത്.
ബ്ലാസ്റ്റേഴ്സിനായി ക്യാപ്റ്റൻ ദിമിത്രിയോസ് ഡയമന്റാകോസ് ഇരട്ടഗോൾ നേടി. 63, 90+9 മിനിറ്റുകളിലായിരുന്നു ക്യാപ്റ് റന്റെ ഗോളുകൾ.ഒരു ഗോൾ മലയാളി താരം വിബിൻ മോഹനന്റെ വകയായിരുന്നു. 54–ാം മിനിറ്റിലായിരുന്നു വിബിന്റെ ഗോൾ.
വിജയത്തോടെ 18 കളികളിൽനിന്ന് 39 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മോഹൻ ബഗാൻ. ഒടുവിൽ കളിച്ച ആറു മത്സരങ്ങളിൽ അഞ്ചാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് 18 കളികളിൽനിന്ന് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു.