LIFELife Style

മിമിക്രിയുടെ തലതൊട്ടപ്പന്‍; ‘കൊതുകു’ നാണപ്പന്റെ 89 ാം ജന്മവാര്‍ഷികം

‘നാടോടിക്കാറ്റി’ല്‍ ദാസനെയും വിജയനെയും ജോലിയില്‍നിന്ന് പുറത്താക്കിയ സൂപ്പര്‍വൈസറെ ഓര്‍ക്കുന്നില്ലേ? ഒഴിവു സമയങ്ങളില്‍ കാട്ടിക്കൂട്ടിയ തമാശകളില്‍നിന്നും മണിക്കൂറുകള്‍ നീളുന്ന മിമിക്രി എന്ന ഹാസ്യ പരമ്പര ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ‘കൊതുകു’ നാണപ്പന്‍. അതെ മിമിക്രി എന്ന ജനപ്രിയ കലയുടെ തലതൊട്ടപ്പനായ കൊതുകു നാണപ്പന്‍െ്‌റ 89 ാം ജന്മവാര്‍ഷികമായിരുന്നു ഇന്നലെ.

ചങ്ങനാശ്ശേരി പെരുന്നയില്‍ മുട്ടത്തു മഠത്തില്‍ ശങ്കരന്‍ നമ്പൂതിരിയുടെയും സരസ്വതി അന്തര്‍ജനത്തിന്റെയും മകനായി 1935 മാര്‍ച്ച് 12-ന് ജനിച്ചു. നാരായണന്‍ നമ്പൂതിരി എന്നതായിരുന്നു യഥാര്‍ത്ഥ നാമം. തിരുവനന്തപുരം ഗവ. പോളീടെക്‌നിക്കില്‍ നിന്നും ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിയില്‍ ബിരുദം നേടി മുംബൈ ടെക്‌സ്‌റ്റൈല്‍ കമ്മീഷണര്‍ ഓഫീസില്‍ ടെക്‌സ്‌റ്റൈല്‍ ഇന്‍വെസ്റ്റിഗേറ്ററായി ജോലി ചെയ്തു. 1968ല്‍ ബോംബെ ടെക്സ്റ്റയില്‍ കമ്മീഷണറേറ്റില്‍ വാര്‍ഷികാഘോഷ പരിപാടിയിലാണ് ആദ്യമായി മിമിക്രി അവതരിപ്പിച്ചത്.

Signature-ad

തുടര്‍ന്ന് ബോംബെ ശ്രീനാരായണ മന്ദിരസമിതി 1968 സപ്റ്റംബര്‍ 8 ന് ശ്രീനാരായണ ഗുരുവിന്റെ 114-ാം ജന്മദിനത്തില്‍ നടത്തിയ ആഘോഷ പരിപാടിയില്‍ ആദ്യമായി ‘മൂന്നു കൊതുകുകള്‍’ എന്ന പേരില്‍ ഒരു മുഴുനീള മിമിക്രി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. വിവിധ ശബ്ദാനുകരണങ്ങള്‍, ഹാസ്യ കഥകളി, കുടുംബാസുത്രണീയം ഓട്ടന്‍തുള്ളല്‍, ഹാസ്യ-നൃത്തം-നാടകം-സംഗീതക്കച്ചേരി തുടങ്ങിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ ആദ്യമായി മിമിക്രി അവതരിപ്പിച്ചതും നാണപ്പനാണ്.

1973 ജൂണ്‍ 30 ന് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ തുടങ്ങിയ ‘മശക ഘോഷയാത്ര’ ഒരു മാസത്തോളം കേരളത്തില്‍ ഹാസ്യ വിരുന്നൊരുക്കി. അഭൂതപൂര്‍വമായ ജനത്തിരക്കായിരുന്നു കൊതുകുകളുടെ പരിപാടി കാണാന്‍. അയ്യപ്പന്‍, നാരായണന്‍, കോടാലി ദിവാകരന്‍, സ്വാമിനാഥന്‍, രാമകൃഷ്ണന്‍, അശോകന്‍, അപ്പുക്കുട്ടന്‍, കരുണാകരന്‍, യോഹന്നാന്‍, അനിയന്‍, ഐസക് തുടങ്ങി പതിനെട്ടു സഹ കൊതുകുകളോടൊപ്പം സ്വന്തം മകന്‍ ജയകൃഷ്ണനും വേദിയില്‍ ഒരു ചെറുകൊതുകായി എത്തിയിരുന്നു. യാതൊരുവിധ സംഗീതോപകരണങ്ങളും ഉപയോഗിക്കാതെ ആയിരുന്നു ഇവരുടെ ഹാസ്യ അവതരണങ്ങള്‍.

ഏതൊരുവിധ ശബ്ദങ്ങളും അനുകരിക്കാനുള്ള നാണപ്പന്റെ അനുപമമായ കഴിവിനെ ഭാരതത്തിലെ പത്രങ്ങള്‍ ഭാഷാഭേദമന്യേ പ്രശംസിച്ചിട്ടുള്ളതാണ്. ഇതിനു പുറമേ കെ.എസ് നമ്പൂതിരി രചിച്ച ‘പതനം’ എന്ന നാടകം 1979ല്‍ ബോംബയിലെ മുള്ളന്റില്‍ നാണപ്പന്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ചിരുന്നു. 1978 ല്‍ ലിസ എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ചു. തുടര്‍ന്ന് ഐ.വി ശശി, പത്മരാജന്‍, ഭരതന്‍, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, ജോഷി തുടങ്ങിയവരുടെയൊപ്പം 50 ലധികം സിനിമകളില്‍ അഭിനയിച്ചു. 1994 ഡിസംബര്‍ 26 ന് അന്തരിച്ചു.

കാര്‍ട്ടൂണിസ്റ്റും ഹാസ്യ സാഹിത്യകാരനുമായിരുന്ന സുകുമാര്‍, നാണപ്പന്റെ ’18 കൊതുകുകളെ’ ഇങ്ങനെ വിശേഷിപ്പിക്കുകയുണ്ടായി:
‘മക്ഷികാ, യാചകാ ദിവൌ
മക്കുണാ, മശകാ രാത്രൌ
പിപീലികാച: ഭാര്യാച:
ദിനരാത്രം തു ബാധതേ’ (ഈച്ചയും യാചകനും പകലും മുട്ടയും കൊതുകും രാത്രിയിലും ഉറുമ്പും ഭാര്യയും രാപ്പകല്‍ വ്യത്യാസ മില്ലാതെയും മനുഷ്യരെ ഉപദ്രവിക്കുന്നു) ഈ കൊതുക് ഒരു മനുഷ്യനെയും കടിച്ച് ഉപദ്രവിച്ചിട്ടില്ല,
ഈ കൊതുകിന്റെ കടി കൊണ്ടത് അവന്റെ അഹന്തയിലും പൊങ്ങച്ചത്തിലുമാണ് .
പക്ഷേ ഈ കൊതുകിന്റെ മൂളല്‍ ജനസഹസ്രങ്ങള്‍ ഒരു കാലത്ത് നെഞ്ചിലേറ്റി നടന്നിരിന്നു
ഒരു ചെറു പുഞ്ചിരിയുമായി.

ലിസ (1978), ശരപഞ്ജരം (1979), ലാവ (1980) പടയോട്ടം (1982), ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ (1982), ആ രാത്രി (1983), പറന്ന് പറന്ന് പറന്ന് (1984), പാവം പൂര്‍ണിമ (1984), ആരോടും പറയരുത്, കുരുത്തം കെട്ടവന്‍ (1985), കയ്യും തലയും പുറത്തിടരുത് (1985), ധീം തരികിട തോം (1986), നാടോടിക്കാറ്റ് (1987), ആനവാല്‍ മോതിരം (1991), ചെങ്കോല്‍ (1993) തുടങ്ങിയവയാണ് അദ്ദേഹം വേഷമിട്ട പ്രധാന ചിത്രങ്ങള്‍.

Back to top button
error: