കോഴിക്കോട്: പൗരത്വത്തിന്റെ മാനദണ്ഡം മതമാകുന്നത് ഭരണഘടനാ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും ഐക്യവും രൂപപ്പെടുത്തുന്നതിന് പകരം ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രപുരോഗതിക്ക് തടസ്സമാകുമെന്നും കാന്തപുരം പറഞ്ഞു.
ബഹിരാകാശത്ത് സ്വന്തമായ നിലയം നിര്‍മിക്കാന്‍ നമ്മുടെ രാജ്യം ആലോചിക്കുന്ന കാലത്ത് വിശ്വാസത്തിന്റെയും സ്വത്വത്തിന്റെയും പേരില്‍ ആളുകളെ തമ്മിലകറ്റുന്ന നിയമങ്ങള്‍ കൊണ്ടുവരുന്നത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വലുപ്പം കുറയ്ക്കാനേ ഇടയാക്കൂ. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമ വിജ്ഞാപനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തില്‍ ഔദ്യോഗിക വിജ്ഞാപനമിറക്കിയതിനു പിന്നാലെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധങ്ങളില്‍ കേസ്. 124 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി, എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണു നടപടി.
തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു സമരക്കാര്‍ക്കെതിരെ ചുമത്തിയത്. സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി കേസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഇവ പിന്‍വലിക്കുമെന്ന് സര്‍ക്കാരും മുഖ്യമന്ത്രി നേരിട്ടും അറിയിച്ചിരുന്നെങ്കിലും ഒരു ഉറപ്പും പാലിക്കപ്പെട്ടില്ലെന്നു പരാതി ഉയരുന്നതിനിടെയാണു പുതിയ പ്രതിഷേധങ്ങള്‍ക്കെതിരെയും കേസുമായി മുന്നോട്ടുപോകുന്നത്.