IndiaNEWS

ട്രെയിൻ തടഞ്ഞ് കർഷകർ; അംബാലയില്‍ നിരോധനാജ്ഞ 

ന്യൂഡൽഹി: പഞ്ചാബിലും ഹരിയാനയിലുമുൾപ്പടെ 60 ഇടങ്ങളില്‍ ട്രെയിന്‍ തടഞ്ഞ് കര്‍ഷകര്‍.
രണ്ടാം കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവുമാണ് ട്രെയിനുകള്‍ തടഞ്ഞത്. ഇതോടെ അംബാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രശ്‌നങ്ങള്‍ രൂക്ഷമാകാതിരിക്കാൻ കൂടുതല്‍ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

ചുരുങ്ങിയ താങ്ങുവിലക്ക് പയറുവർഗ്ഗങ്ങള്‍, ചോളം, പരുത്തി എന്നിവയുടെ മാത്രം സംഭരണം ഏറ്റെടുക്കാമെന്ന കേന്ദ്രം നിർദേശം സംയുക്ത കിസാൻ മോർച്ച നിരസിച്ചതിനെ തുടർന്നാണ് സമരം. എല്ലാ വിളകള്‍ക്കും കേന്ദ്ര സർക്കാർ ചുരുങ്ങിയ താങ്ങുവില നല്‍കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.

കർഷകരുടെ നിലനില്‍പ്പിന് സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്ത ഫോർമുല പ്രകാരം എല്ലാ വിളകള്‍ക്കും താങ്ങുവില അനിവാര്യമാണ്. അതേസമയം എല്ലാ വിളകള്‍ക്കും താങ്ങുവില നല്‍കാൻ വൻ തുക ചെലവഴിക്കേണ്ടി വരുമെന്നാണ് സർക്കാർ വാദം.

‘റെയില്‍ രോക്കോ’ സമരത്തിന്റെ ഭാഗമായി നൂറുകണക്കിന് കർഷകർ റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. കർഷക സംഘടനകളായ ഭാരതി കിസാൻ യൂനിയൻ (ഏക്ത ഉഗ്രഹൻ), ഭാരതി കിസാൻ യൂനിയൻ (ഡകൗണ്ട-ധനർ), ക്രാന്തികാരി കിസാൻ യൂനിയൻ, കിസാൻ മസ്ദൂർ മോർച്ച   എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ മാസം കർഷകർ ട്രാക്കുകളില്‍ കുത്തിയിരിപ്പ് സമരം നടത്തിയതോടെ ഡല്‍ഹി-അമൃത്സർ റൂട്ടില്‍ നിരവധി ട്രെയിൻ സർവീസുകൾ തടസപ്പെട്ടിരുന്നു.

Back to top button
error: