തൃശൂർ: ടി.എൻ പ്രതാപന്റെ പേരിലുള്ള ചുവരെഴുത്തുകള്‍ മായ്ക്കാൻ തൃശൂർ ജില്ലാ നേതൃത്വം നിർദേശം നല്കി. മണ്ഡലത്തില്‍ കെ.മുരളീധരനെ സ്ഥാനാർഥിയാക്കാൻ ധാരണയായതോടെയാണ് നിർദേശം.
പത്മജ ബി.ജെ.പിയിലെത്തിയ സാഹചര്യത്തിലാണ് തൃശൂർ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കരുണാകരന്റെ പഴയ തട്ടകത്തിലേക്ക് മകന് കെ.മുരളീധരൻ എത്തുന്നത്. പ്രതിപക്ഷ നേതാവായ വി.ഡി സതീശനാണ് മുരളീധരന്റെ പേര് തൃശൂരില്‍ മുന്നോട്ടുവച്ചത്.
150ലധികം ഇടങ്ങളില്‍ ടി.എൻ പ്രതാപന് വേണ്ടി ചുവരെഴുത്ത് ഇതിനകം പൂർത്തിയായിരുന്നു. മൂന്നരലക്ഷം പോസ്റ്ററുകളും അച്ചടിച്ചു. ബൂത്തുകള്‍ക്കുള്ള പ്രവർത്തനഫണ്ടും വിതരണം ചെയ്തിരുന്നു.
അതേസമയം തൃശൂരില്‍ പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നാണ് ടി.എൻ പ്രതാപൻ എം.പിയുടെ പ്രതികരണം. കെ.മുരളീധരൻ സ്വീകാര്യതയുള്ള നേതാവാണെന്നും വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറുമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. അണികള്‍ പോസ്റ്ററൊട്ടിച്ചതും ചുവരെഴുതിയതും കോണ്‍ഗ്രസിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.