CrimeNEWS

”മകന്റെ ചോരകൊണ്ട് ഹോസ്റ്റല്‍ മുറിയില്‍ എസ്എഫ്ഐ സിന്ദാബാദെന്ന് എഴുതിച്ചു”! ആരോപണവുമായി മുന്‍ പിടിഎ പ്രസിഡന്റ്

വയനാട്:പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ എസ്എഫ്ഐക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ പിടിഎ പ്രസിഡന്റ് കുഞ്ഞാമു. ക്യാമ്പസില്‍ എസ്എഫ്ഐക്ക് കോടതി മുറിയുണ്ടെന്നും എസ്എഫ്ഐ അല്ലാത്തവര്‍ക്ക് കോളേജില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും മുന്‍ പിടിഎ പ്രസിഡന്റ് ആരോപിച്ചു.

കെഎസ്യു അടക്കമുള്ള മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ക്യാമ്പസില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് എസ്എഫ്ഐ നിലപാടെന്നും എസ്എഫ്ഐയുടെ ക്രൂരതയുടെ ഇരയാണ് താനെന്നും വെളിപ്പെടുത്തി. ഹോസ്റ്റല്‍ മുറിയില്‍ തന്റെ മകന്റെ ചോരകൊണ്ട് എസ്എഫ്ഐ സിന്ദാബാദെന്ന് എഴുതിച്ചുവെന്നും ഭീഷണിപ്പെടുത്തി എസ്എഫ്ഐ അംഗത്വം എടുപ്പിച്ചുവെന്നും കുഞ്ഞാമു പറഞ്ഞു. പ്രതികരിച്ചാല്‍ മകന്റെ വിദ്യാഭ്യാസം ഇല്ലാതാകുമെന്ന് കരുതി മിണ്ടാതിരുന്നുവെന്നും വ്യക്തമാക്കി.

റാഗിംഗ് ചെയ്തതിനെ തുടര്‍ന്ന് സിദ്ധാര്‍ഥന്‍ മരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മുന്‍ പിടിഎ പ്രസിഡന്റിന്റെ ആരോപണം വരുന്നത്. അതേസമയം, പൂക്കോട് വെറ്റിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്താനൊരുങ്ങുകയാണ് പൊലീസ്. ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചതായും മര്‍ദനത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും പൊലീസ് അറിയിച്ചു. വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും മര്‍ദനത്തിനുമുമ്പും ഗൂഢാലോചന നടന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗൂഢാലോചനാ കുറ്റം ഉള്‍പ്പെടുത്തത് വിമര്‍ശിക്കപ്പെടുയാണ്.

അതിനിടെ, കേസിലെ പ്രതികളായ രഹാന്‍ ബിനോയ്, ആകാശ് എന്നിവരുമായി പൊലീസ് ക്യാമ്പസിനുള്ളിലെ കുന്നിന്‍മുകളില്‍ തെളിവെടുപ്പ് നടത്തുകയാണ്. 16ന് രാത്രി 9 മണിക്ക് ശേഷം സിദ്ധാര്‍ത്ഥനെ ആദ്യം എത്തിച്ചു മര്‍ദിച്ചത് ഈ കുന്നിന്‍ മുകളില്‍ വെച്ചായിരുന്നു. കല്‍പ്പറ്റ ഡിവൈഎസ്പി ടി.എന്‍ സജീവന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്.

 

Back to top button
error: