പിസി ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ എന്‍ഡിഎ അണികള്‍ ഉയര്‍ത്തിയ പ്രധാന ആരോപണം വിശ്വാസ്യത ഇല്ലായ്മ തന്നെയാണ്. നിലപാടില്ലാത്ത നേതാവിനെ ജനം അംഗീകരിക്കില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ജോര്‍ജ് എസ്‌ഡിപിഐയുടെ സംരക്ഷകനായി നടന്ന കാലഘട്ടം മറക്കാറായിട്ടില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചു.
മാത്രമല്ല, മുന്‍പ് എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നിട്ട് പിന്നീട് മുന്നണി വിട്ട് മറുകണ്ടം ചാടിയ ചരിത്രവും ബിജെപി മറന്നിട്ടില്ല. പത്തനംതിട്ടയില്‍ ജോര്‍ജിനെ പിന്തുണയ്ക്കാനുള്ളത് തീവ്രനിലപാടുകാരായ ക്രൈസ്തവരിലെ ന്യൂനപക്ഷം മാത്രമാണെന്നാണ് ബിജെപിക്ക് ലഭിച്ച റിപ്പോര്‍ട്ട്.
സ്ഥാനാര്‍ഥി അനില്‍ ആന്‍റണി മണ്ഡലത്തില്‍ അറിയപ്പെടുന്ന ആളല്ലെന്നാണ് ജോര്‍ജിന്‍റെ പ്രചരണം. എ.കെ ആന്‍റണിയുടെ മകനെ നാട്ടുകാര്‍ അറിയില്ലെന്ന് പറയുന്നവരാണ് പിസി ജോര്‍ജിന്‍റെ മകന്‍ കൊള്ളാം എന്ന് പ്രചരിപ്പിക്കുന്നതെന്ന വിരോധാഭാസവും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം അനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ ലോക്‌സഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി.പി.സി. ജോർജിനെ ഒഴിവാക്കിയതില്‍ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് പത്തനംതിട്ടയിലെ ബിജെപി ജില്ലാ നേതാവ് തന്നെ രംഗത്ത് എത്തി.
കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലാണ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്കില്‍ വീഡിയോയടക്കം പോസ്റ്റ് ചെയ്തത്. അനില്‍ ആന്റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടിയെന്നാണ് കർഷക മോർച്ച ജില്ലാ പ്രസിഡന്റിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റ് പിന്നാലെ നേതാവിനെ ബിജെപി പുറത്താക്കി.
എല്ലാവർക്കും താല്‍പര്യം പി.സി. ജോർജിനെ ആയിരുന്നുവെന്നും എന്നാല്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാതെ അനില്‍ ആന്റണിയെ പ്രഖ്യാപിച്ചുവെന്നും പോസ്റ്റില്‍ പറഞ്ഞു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെ പൊട്ടനെന്ന് വരെ ഫേസ്ബുക് പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്.