IndiaNEWS

കാസർകോട് കുഴൽപ്പണക്കാർ  വിലസുന്നു, രേഖകളില്ലാത്ത 15 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ: അങ്കമാലി മൂലന്‍സ് ഗ്രൂപ്പും കുരുക്കിൽ

    രേഖകളില്ലാതെ കടത്തിയ 15.15 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അബൂബകർ ഹുസൈനെ (29) യാണ് ടൗൺ പൊലീസ് പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കാസര്‍കോട് നഗരത്തിൽ കണ്ട ഇയാളെ പൊലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കാസർകോട് ടൗൺ പൊലീസ് കുഴൽ പ്പണം പിടികൂടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും രേഖകളില്ലാത്ത ഇൻഡ്യൻ – വിദേശ കറൻസികളുമായി രണ്ട് പേർ പിടിയിലായിരുന്നു. കാസർകോട്  സ്വദേശികളായ എം. മുഹമ്മദ് (52), മലപ്പുറം ജില്ലയിലെ സൈനുദ്ദീൻ (50) എന്നിവരെയാണ് പികൂടിയത്.

Signature-ad

7.50 ലക്ഷത്തിന്റെ ഇൻഡ്യൻ കറൻസിയും അമേരിക്ക, മലേഷ്യ, കുവൈറ്റ്, സഊദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, യുഎഇ രാജ്യങ്ങളുടെ വിവിധ കറൻസികളുമാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, അനധികൃത പണമൊഴുക്ക് തടയാൻ പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ  തീരുമാനം.

ഇതിനിടെ ഗള്‍ഫിലേക്ക് 60 കോടി രൂപ കുഴല്‍പ്പണമായി കടത്തി റിയാദില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അങ്കമാലിയിലെ മൂലന്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കുരുക്കിലായി.  ഒരാഴ്ചക്കുള്ളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് കഴിഞ്ഞ മാസം 24 ന് എം.ഡി ജോസഫ് മൂലന് വീണ്ടും ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. സത്യവീര സിങ് എന്ന ഇ ഡി ഉദ്യോഗസ്ഥനാണ് നോട്ടീസ് അയച്ചത്.

99 ലെ ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) പ്രകാരം എംഡിയുടെ സാന്നിധ്യം കേസന്വേഷണത്തിന് അനിവാര്യമാണെന്നും ഓഫീസില്‍ എത്തി, തങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള തെളിവുകളും രേഖകളും നല്‍കാനാണ് നിര്‍ദ്ദേശം.  കേസില്‍ മൂലന്‍സ് ഗ്രൂപ്പുടമകളെ ജനുവരി 18 നാണ് പ്രതികളാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ ഫെബ്രു. 5 ന് ഇ ഡി ഓഫീസില്‍ ഹാജരായി. എങ്കിലും മതിയായ രേഖകള്‍ നല്‍കാത്തതിനാല്‍ വീണ്ടും വിളിച്ചു. ഫെമ നിയമ പ്രകാരം, കുഴല്‍പ്പണം കടത്തിയാല്‍ അതിന്റെ മൂന്നിരട്ടി പിഴ അടയ്‌ക്കണം. അതായത് 180 കോടിയോളം രൂപ ഇവര്‍ അടയ്‌ക്കണമെന്നാണ് വ്യവസ്ഥ. സൗദി തലസ്ഥാനമായ റിയാദില്‍ നിക്ഷേപിക്കാന്‍ 60 കോടി എങ്ങനെ അവിടെയെത്തിച്ചു എന്ന് വിശദീകരിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ്, ബാങ്ക് രേഖകള്‍ സഹിതം വീണ്ടും ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടുള്ളത്.

Back to top button
error: