‘മഞ്ഞുമ്മൽ ബോയ്സ്’ മലയാള സിനിമയെ സുവർണ്ണകാലത്തേയ്ക്കു നയിക്കുന്നു
മഞ്ഞുമ്മൽ ബോയ്സ് : 4/5
മലയാള സിനിമയ്ക്ക് വീണ്ടും ഇത് സുവർണ്ണകാലം…
കാമ്പുള്ള, സാങ്കേതികത്തികവാർന്ന, പുതിയതും പഴയതുമായ തലമുറകളുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് മലയാള സിനിമയെ ഒരുപിടി പ്രതിഭാധനന്മാർ സമ്പന്നമാക്കുകയാണ്. പഴയകാലത്ത് പ്രശസ്ത സാഹിത്യകാരന്മാരുടെ കഥകളും നോവലുകളും സിനിമയാക്കിയതിലൂടെ ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിലും മലയാള സിനിമയ്ക്ക് ഒരു സുവർണ്ണകാലം ഉണ്ടായിരുന്നു. പിന്നീട് ’80കളിൽ ഭരതനും പത്മരാജനും തീർത്ത ജീവിതഗന്ധിയായ കഥ പറച്ചിലുകൾ മലയാള സിനിമ ചരിത്രത്തിന്റെ സുവർണ്ണ കാലത്തിന്റെ രണ്ടാംഘട്ടമായിരുന്നു. ലോഹിതദാസും രഞ്ജിത്തും ശ്രീനിവാസനും ഒക്കെ മലയാള സിനിമയുടെ മൂന്നാംഘട്ടത്തിലെ സുവർണ്ണ കാലം ഒരുക്കിയവർ ആയിരുന്നെങ്കിൽ, ദേ ഇന്ന് നമ്മുടെ പുതുതലമുറയിലെ മിടുക്കന്മാർ അവരുടെ പ്രതിഭ ഫിലിം മേകിംഗിലൂടെ തെളിയിച്ചുകൊണ്ട് ഇടക്കാലത്ത് പിറകോട്ട് നടന്ന മലയാള സിനിമയെ ഉന്നതനിലവാരത്തിലേക്ക് ഉയർത്തുന്ന നിലയിലുള്ള മികച്ച സിനിമകൾ സംഭാവന ചെയ്യുന്നു.
‘മഞ്ഞുമ്മൽ ബോയ്സ്’ അതിനൊരുദാഹരണം മാത്രം.
ബോക്സ്ഓഫിസില്‍ അതിഗംഭീര പ്രതികരണവുമായി ഈ ചിത്രം മുന്നേറുന്നു. ചിത്രം ആദ്യദിനം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ചിത്രം വാരിക്കൂട്ടിയത് 3.35 കോടിയാണ്. ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച ഓപ്പണിങ് കളക്ഷന്‍ കൂടിയാണിത്. മാത്രമല്ല സൂപ്പര്‍താരങ്ങളില്ലാതെ ഒരു സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷൻ എന്ന റെക്കോര്‍ഡും ‘മഞ്ഞുമ്മല്‍ ബോയ്സി’നു സ്വന്തം.
‘ജാന്‍ എ മന്‍’ എന്ന ചിത്രത്തനു ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. കേരളത്തിലും തമിഴിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മധ്യവേനവധി കാലത്ത് കേരളത്തില്‍ നിന്നും സന്ദര്‍ശകര്‍ ഒഴുകിയെത്തുന്ന സ്ഥലമാണ് കൊടൈക്കനാല്‍. കൊടൈക്കനാല്‍ ടൗണിന് പുറത്താണ് ‘ഡെവിള്‍സ് കിച്ചന്‍’ എന്നറിയപ്പെടുന്ന 300 അടിയോളം താഴ്ചയുള്ള ‘ഗുണാ കേവ്സ്’ സ്ഥിതി ചെയ്യുന്നത്. ഈ ഗുഹയില്‍ അകപ്പെട്ടുപോകുന്ന ഒരു യുവാവിന്റെയും സുഹൃത്തുക്കളുടെയും കഥയാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്.’
ആത്മാർത്ഥമായ സുഹൃത്ത് ബന്ധങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. ഷൈജു ഖാലിദിന്റെ സിനിമോട്ടോഗ്രാഫിയും സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ ജനപ്രിയ ഘടകങ്ങളിൽ ഒന്നാണ്. മികച്ചൊരു തീയറ്റർ അനുഭവം നൽകുന്ന ഇത്തരം സിനിമകൾ തന്നെയാണ് മാറുന്ന കാലഘട്ടത്തിൽ പ്രേക്ഷകരെ വീണ്ടും തീയേറ്ററിലേക്ക് എത്തിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍ എന്നിവർക്കൊപ്പം നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തുവും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
ജയൻ മൺറോ