KeralaNEWS

ആംബുലൻസില്‍ കഞ്ചാവ് കടത്ത്; അന്തര്‍ സംസ്ഥാന ലഹരി മാഫിയയിലേക്ക് അന്വേഷണം

കൊല്ലം: പത്തനാപുരത്ത് ആംബുലൻസില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കൊല്ലം റൂറല്‍ എസ്.പി.സാബു മാത്യു, പുനലൂർ ഡി.വൈ.എസ്.പി. സ്റ്റുവർട്ട് കീലർ എന്നിവരുടെ നിർദ്ദേശാനുസരണം അന്വേഷണം ശക്തമാക്കിയ പോലീസ് ആംബുലൻസ് ഡ്രൈവർക്ക് കഞ്ചാവ് എത്തിച്ച ഇടനിലക്കാരനെ അറസ്റ്റ് ചെയ്തു.

കോട്ടാത്തല പൂതക്കുഴി സൗമ്യ ഭവനില്‍ സജീഷ് (30) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനില്‍ ഡോക്ടേഴ്സ് ലെയിനില്‍ ശ്രീലയം വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ് സജീഷ്. ഇയാളുടെ KL 04 AC 9435 നമ്ബർ ഓട്ടോറിക്ഷയില്‍ പച്ചക്കറി കച്ചവടം നടത്തുന്നതിന്റെ മറവിലാണ് കഞ്ചാവ് കടത്ത്. പച്ചക്കറി വണ്ടിയും പോലീസ് പിടിച്ചെടുത്തു.

 

കറവൂർ പതിനാറാം ഫില്ലിംഗില്‍ വിഷ്ണു വിലാസത്തില്‍ മോനായി എന്ന് വിളിക്കപ്പെടുന്ന ആംബുലൻസ് ഡ്രൈവർ വിഷ്ണു (29), ഇയാളുടെ സഹായി കഴുതുരുട്ടി പ്ലാമൂട്ടില്‍ വീട്ടില്‍ നസീർ (28) എന്നിവരെയാണ് ആംബുലൻസില്‍ കടത്തിയ നാല് കിലോ കഞ്ചാവുമായി പത്തനാപുരം പോലീസും ഡാൻസാഫും ചേർന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്.

 

ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. സജീഷിന്റെ അറസ്റ്റോടുകൂടി കിഴക്കൻ മേഖലയിലേക്ക് കഞ്ചാവ് എത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി മാഫിയയെ കുറിച്ച്‌ സുപ്രധാന വിവരങ്ങള്‍ പോലീസിന് ലഭിച്ചെന്നാണ് സൂചന.

Back to top button
error: