CrimeNEWS

പ്രസവത്തിനിടെ യുവതിയുടെ മരണം: ഭര്‍ത്താവ് നയാസിന്റെ ആദ്യ ഭാര്യയെ പ്രതിചേര്‍ത്തു

തിരുവനന്തപുരം: നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഒന്നാം പ്രതിയും ഭര്‍ത്താവുമായ നയാസിന്റെ ആദ്യ ഭാര്യയെ പ്രതിചേര്‍ത്തു. വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ റീജിനയെ രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തത്. ഇവര്‍ നിലവില്‍ ഒളിവിലാണുള്ളത്.

ഷെമീറ ബീവിയും കുഞ്ഞുമാണ് പ്രസവത്തിനു പിന്നാലെ മരിച്ചത്. സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സകനായ വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെ നേമം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷെമീറയ്ക്ക് ആശുപത്രിയില്‍ ആധുനിക ചികിത്സ നല്‍കാതിരുന്നതില്‍ ശിഹാബുദ്ദീനുകൂടി പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു നടപടി. കേസില്‍ നയാസിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Signature-ad

മനഃപൂര്‍വമല്ലാത്ത നരഹത്യ, സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍, ഗര്‍ഭം അലസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തി മൂലമുള്ള മരണം എന്നീ കുറ്റങ്ങളാണ് നയാസിനും ശിഹാബുദ്ദീനുമെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ഭയന്ന് എറണാകുളത്തേക്ക് കടന്ന ഇയാളെ നേമം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ശിഹാബുദ്ദീന്‍ ഷെമീറയെ അക്യുപങ്ചര്‍ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശിഹാബുദ്ദീന്റെ ചികിത്സ സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.

 

Back to top button
error: