Fiction

സമചിത്തതയോടെ തീരുമാനങ്ങളെടുക്കൂ, അമിതാഹ്ലാദവും, കടുത്ത നിരാശയും അതിനെ സ്വാധീനിക്കരുത്

വെളിച്ചം

ഒരിക്കല്‍ ബീര്‍ബലും സുഹൃത്തും പാലത്തിൽ കൂടി നടക്കുകയായിരുന്നു. പെട്ടെന്ന് കാല്‍വഴുതി സുഹൃത്ത് നദിയില്‍ വീണു. ബീര്‍ബല്‍ പാലത്തില്‍ നിന്ന് കൈകള്‍ നീട്ടിക്കൊടുത്തു. കയ്യില്‍ പിടിച്ചുകയറാന്‍ തുടങ്ങിയ അയാളുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു. ജീവിതം തിരിച്ചുനല്‍കിയ ബീര്‍ബലിനോട് അയാള്‍ പറഞ്ഞു:

Signature-ad

“ഞാന്‍ പാലത്തിന് മുകളിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് വിലമതിക്കാനാകാത്ത ഒരു സമ്മാനം നല്‍കും.”

ബീര്‍ബല്‍ ഇത് കേട്ട് സന്തോഷത്തോടെ കൈകൂപ്പി നന്ദിപറയാന്‍ ശ്രമിച്ചപ്പോള്‍ സുഹൃത്ത് പിടിവിട്ട് വീണ്ടും താഴേക്ക് വീണു.
പിന്നീട് ബീര്‍ബല്‍ കൊടുത്ത കയറില്‍ പിടിച്ച് കരയിലേക്ക് നീന്തുന്നതിനിടെ അയാള്‍ ചോദിച്ചു:

“നിങ്ങളെന്തിനാണ് എന്റെ കൈവിട്ടത്…?”

“സന്തോഷം കൊണ്ട്…”
ബീര്‍ബല്‍ മറുപടി പറഞ്ഞു.

“ഞാന്‍ കരയിലെത്തുന്നതുവരെ കാത്തുനില്‍ക്കാന്‍ പാടില്ലാരുന്നോ?”

അപ്പോള്‍ ബീര്‍ബല്‍ ഇങ്ങനെ തിരിച്ചുചോദിച്ചു:

“കരയിലെത്തിയശേഷം താങ്കള്‍ക്ക് സമ്മാനത്തെക്കുറിച്ച് പറഞ്ഞാല്‍ മതിയായിരുന്നല്ലോ…”

ചിലപ്പോഴൊക്കെ, ആവേശത്തില്‍ നിന്ന് ഉതിര്‍ന്നുവീഴുന്ന പാരിതോഷികങ്ങള്‍ക്ക് ആത്മാര്‍ത്ഥതയോ കൃതജ്ഞതയോ ഉണ്ടാകണമെന്നില്ല. അവസരങ്ങളെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നവര്‍ ഉചിതസമയത്ത് ഇടപെടുകയും തങ്ങളുടെ സാന്നിധ്യം പരസ്യപ്പെടുത്തുകയും ചെയ്യും. വികാരവിക്ഷോഭത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പല ന്യൂനതകളും കാണും. അവയ്ക്ക് യാഥാര്‍ത്ഥ്യബോധം ഉണ്ടാകണമെന്നില്ല. പലപ്പോഴും പ്രായോഗികക്ഷമത കുറവായിരിക്കുകയും ചെയ്യും. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആവേശം കുറയുമ്പോള്‍ പഴയ തീരുമാനങ്ങള്‍ അബദ്ധങ്ങളെന്നും തോന്നും.
ഏത് പ്രവൃത്തിയും തീരുമാനങ്ങളും നമുക്ക് മാനസികമായ സമനിലയോടെ എടുക്കാന്‍ ശ്രമിക്കാം. എന്തെന്നാല്‍ അമിതാഹ്ലാദവും, അധിക നിരാശയും മനസ്സിന്റെ നിയന്ത്രണശേഷി നഷ്ടപ്പെടുത്തുക തന്നെ ചെയ്യും.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം- നിപു കുമാർ

Back to top button
error: