KeralaNEWS

പ്രസവത്തിനിടെ  യുവതിയുടെയും കുഞ്ഞിന്റെയും മരണം; ഭർത്താവും വ്യാജഡോക്ടറും അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടില്‍ പ്രസവമെടുക്കാൻ ശ്രമിച്ച്‌ അമ്മയും നവജാതശിശുവും മരിച്ച സംഭവത്തില്‍ ഭർത്താവും വ്യാജഡോക്ടറും അറസ്റ്റിൽ.

പാലക്കാട് സ്വദേശിനിയായ ഷമീറ ബീവി(39)യുടെയും നവജാത ശിശുവിന്റെയും മരണത്തിലാണ് പൂന്തുറ സ്വദേശിയായ ഭർത്താവ് നയാസിനെയും  ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെയും നേമം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിന് മുൻപ് മൂന്ന് സിസേറിയൻ നടത്തിയിട്ടുള്ള ഭാര്യയെ ഒഴിവാക്കാൻ വേണ്ടിയാണ് നയാസ് ഇത്തവണ വീട്ടില്‍ പ്രസവം നടത്തിയതെന്നാണ് സൂചന.ഷമീറയുടെ മരണത്തിന് പൂർണ ഉത്തരവാദി നയാസ് തന്നെയാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്.

Signature-ad

നാട്ടുകാരുടെ ഇടപെടലാണ് വസ്തുതത പുറത്തുകൊണ്ടു വന്നത്. മകള്‍ നാലാമതും ഗർഭിണിയാണെന്ന വിവരം നയാസ് തങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്ന് മരിച്ച ഷമീറയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. ഒരു മാസം മുൻപ് മാത്രമാണ് ഷമീറ ഗർഭിണിയാണെന്ന് അറിഞ്ഞത്. പ്രസവശേഷം വീട്ടിലെത്താമെന്നും സഹായത്തിന് ആളുണ്ടെന്നും ഷമീറ പറഞ്ഞുവെന്നും എന്നാല്‍ പിന്നീട് ഫോണ്‍ വിളിച്ചും മകളെ ഫോണില്‍ കിട്ടിയില്ലെന്നും മാതാപിതാക്കള്‍ വെളിപ്പെടുത്തി.

യുവതിക്ക് നല്‍കിയത് അക്യുപങ്ചർ ചികില്‍സയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബാണ് യുവതിയെ ചികില്‍സിച്ചത്. ആധുനിക ചികിത്സ നല്‍കാതെ വീട്ടില്‍ പ്രസവിക്കാൻ ഭർത്താവ് നയാസ് നിർബന്ധിച്ചുവെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലേക്ക് മാറാൻ ആവശ്യപ്പെട്ട ആരോഗ്യപ്രവർത്തകരോട് നയാസ് മോശമായി പെരുമാറിയെന്നും പൊലീസ് കണ്ടെത്തി. പാലക്കാട് സ്വദേശിയായ ഷെമീറ ബീവിയും കുഞ്ഞും ഇന്നലെയാണ് മരിച്ചത്. നയാസിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി ഷമീറയെ ഒഴിവാക്കാനുള്ള തന്ത്രമായിരുന്നു വീട്ടിലെ പ്രസവം. ഈ സാഹചര്യത്തിലാണ് നയാസിനെതിരെ നരഹത്യ പൊലീസ് ചുമത്തിയത്. വിശദമായ ചോദ്യം ചെയ്യലും ഉണ്ടാകും.

ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ഗർഭിണിയായിരുന്ന ഷമീറ അമിതരക്തസ്രാവത്തെ തുടർന്ന് ബോധരഹിതയായത്. ഭർത്താവ് ആംബുലൻസ് വിളിച്ച്‌ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. പാലക്കാട് സ്വദേശിനിയായ ഷമീറയുടെയും പൂന്തുറ സ്വദേശിയായ നയാസിന്റെയും രണ്ടാം വിവാഹമാണിത്. ഷമീറയ്ക്കും നയാസിനും രണ്ട് കുഞ്ഞുങ്ങളുണ്ട്. ഇരുവർക്കും ആദ്യവിവാഹത്തിലും മക്കളുണ്ട്.

ഷമീറ പൂർണ ഗർഭിണിയായപ്പോള്‍ത്തന്നെ ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടറും ആശുപത്രിയിലെത്തിച്ച്‌ വിദഗ്ധ ചികിത്സ നല്‍കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. നയാസ് ഇതിനു തയ്യാറാകാതെവന്നപ്പോള്‍ പൊലീസ് ഇടപെട്ടിട്ടും പ്രസവം വീട്ടില്‍ മതിയെന്ന് നയാസ് വാശിപിടിക്കുകയായിരുന്നു. ഇതോടെ അവർ മടങ്ങി. ഷമീറയുടെ ഭർത്താവ് നയാസ് തിരൂർ സ്വദേശിയായ വ്യാജ അക്യുപങ്ചർ സിദ്ധന്റെ ശിഷ്യനാണെന്നും ആരോപണമുണ്ട്. ജില്ലാ അടിസ്ഥാനത്തില്‍ ഇവർക്ക് കേരളത്തില്‍ പത്തോളം പഠനകേന്ദ്രങ്ങളുണ്ട്. കല്ലാട്ടുമുക്ക് പെട്രോള്‍ പമ്ബിന് സമീപമാണ് തിരുവനന്തപുരത്തെ പഠനകേന്ദ്രം.

Back to top button
error: