NEWSPravasi

സംരംഭം ചുവപ്പുനാടയില്‍ കുടുങ്ങി; രാജ്യത്തെ മികച്ച സംരംഭക ജോലി തേടി വിദേശത്ത്

തൃശ്ശൂര്‍: രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി മൃഗാശുപത്രി ആരംഭിച്ച് രാജ്യത്തെ മികച്ച സംരംഭകയായി തിരഞ്ഞെടുക്കപ്പെട്ട് രാഷ്ട്രീയ കൃഷിവികാസ് യോജനയിലൂടെ 25 ലക്ഷം രൂപ നേടിയ യുവതിയിപ്പോള്‍ ജോലി തേടി ഒമാനില്‍. ഒരുകോടി രൂപയില്‍ തയ്യാറാക്കിയ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവര്‍ത്തനം ചുവപ്പുനാടയില്‍ കുടുങ്ങി നിലച്ചതോടെയാണ് വായ്പതിരിച്ചടവിനായി ജോലി തേടി പ്രിയാ പ്രകാശന്‍ വിദേശത്തേക്ക് പോയത്. ജോലിയൊന്നും ഇനിയും ശരിയായിട്ടില്ല.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രി ബിസിനസ് ഇന്‍കുബേറ്ററിലൂടെയാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന മൃഗാശുപത്രി സജ്ജമാക്കിയത്. 2020 മേയ് 21-ന് പ്രവര്‍ത്തനം തുടങ്ങി. നായ്ക്കളുടെ വന്ധ്യംകരണത്തിന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അക്രെഡിറ്റഡ് ഏജന്‍സിക്ക് മാത്രമാണ് അധികാരമെന്ന കോടതി ഉത്തരവ് വന്നതോടെ 2021 ജൂലായ് 19-ന് വാഹനം കട്ടപ്പുറത്തായി. സഞ്ചരിക്കുന്ന മൃഗാശുപത്രിയില്‍ അതുവരെ 3894 വന്ധ്യംകരണം നടത്തിയിരുന്നു. മൂന്ന് ഡോക്ടര്‍മാരും മൂന്ന് അസിസ്റ്റന്റും മൂന്ന് കെയര്‍ടേക്കറും ഉള്‍പ്പെടെ പത്തുപേരുണ്ടായിരുന്നു.

Signature-ad

ഹൈക്കോടതിയുടെ ഇടപെടലിലൂടെ പ്രിയയില്‍നിന്ന് അഡ്വക്കേറ്റ് ജനറല്‍ നിര്‍ദേശം വാങ്ങി സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും മൃഗസംരക്ഷണവകുപ്പ് അനുമതി നല്‍കുകയും തദ്ദേശവകുപ്പ് നല്‍കാതിരിക്കുകയും െചയ്തു. ഒരുകാലത്ത് കാര്‍ഷിക സര്‍വകലാശാലയുടെ അഭിമാനസംരംഭമായിരുന്ന മൃഗാശുപത്രിവാഹനം നിര്‍ത്തിയിട്ടിരുന്നത് സര്‍വകലാശാലാ അങ്കണത്തിലാണ്. പിന്നീട് ഇത് ഇവിടെനിന്ന് മാറ്റാന്‍ സര്‍വകലാശാല ആവശ്യപ്പെട്ടു. വാഹനമിപ്പോള്‍ വടക്കാഞ്ചേരിക്കടുത്ത് പുറംപോക്കില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

45 ശതമാനം സബ്സിഡിയോടെ നബാര്‍ഡ് നല്‍കിയ വായ്പയുള്‍പ്പെടെ 45 ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാനുണ്ട്. മാസം 60,000 രൂപ തിരിച്ചടവുണ്ട്. വെറ്ററിനറി നഴ്സിങ്ങിനു പുറമേ ഊട്ടിയിലെ വേള്‍ഡ് വൈഡ് വെറ്ററിനറി സെന്ററില്‍നിന്ന് ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ മാനേജ്മെന്റ് കോഴ്സും ജയിച്ചിട്ടുണ്ട് പ്രിയ. ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്.

Back to top button
error: