ന്യൂഡല്‍ഹി: പേയ്ടിഎം പേയ്മെന്റ് ബാങ്കിനു പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് 15 ദിവസം നീട്ടി നല്‍കിയതിനിടെ ചില ജനപ്രിയ ഉല്പന്നങ്ങള് പ്രവര്‍ത്തിപ്പിക്കാനും നിലവിലെ പ്രതിസന്ധിയെ അതിജീവിക്കാനും ശ്രമം. പേയ്ടിഎമ്മിന്റെ നോഡല്‍ അക്കൗണ്ട് ആക്സിസ് ബാങ്കിലേക്ക് മാറ്റി. തടസങ്ങളില്ലാതെ ഇടപാടുകള്‍ തുടരാനാണു തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്.
ഇടപാടുകള്‍ നിര്‍ത്താന്‍ ഫെബ്രുവരി 29 വരെ നല്‍കിയിരുന്ന സമയപരിധി മാര്‍ച്ച് 15 വരെയാക്കി റിസര്‍വ് ബാങ്ക് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണു പേയ്ടിമ്മിന്റെ പുതിയ നീക്കം. വ്യാപാരികള്‍ അടക്കമുള്ളവരുടെ താല്പര്യ പ്രകാരമാണു ഇടപാടുകള്‍ക്കായി 15 ദിവസം കൂടി പേയ്ടിമ്മിനു നീട്ടി നല്കാന് റിസര്‍വ് ബാങ്ക് തീരുമാനമെടുത്തത്.
ആക്സിസ് ബാങ്കുമായി കരാറിലായതോടെ ക്യുആര്‍ കോഡുകള്‍, സൗണ്ട്ബോക്സ്, കാര്‍ഡ് മെഷീനുകള്‍ എന്നിവ പഴയതുപോലെ പ്രവര്‍ത്തിക്കുമെന്നു കമ്പനി അറിയിച്ചു. നിയന്ത്രണങ്ങള്‍ തുടര്‍ച്ചയായി പാലിക്കാത്തതിനെ തുടര്‍ന്നാണ് ആര്‍ബിഐ പേയ്ടിഎമ്മിനു മേല്‍ കടിഞ്ഞാണിട്ടത്. ഈ ആഴ്ച ആദ്യം ഇ.ഡിയും പേയ്ടിഎമ്മിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
2024 മാര്‍ച്ച് 15നു ശേഷം ഉപഭോക്തൃ അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, ഫാസ്ടാഗുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ മുതലായവയില്‍ കൂടുതല്‍ നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ ടോപ്പ് അപ്പുകളോ അനുവദിക്കില്ലെന്ന് ഇന്നലെയും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.
പേയ്ടിഎം അക്കൗണ്ടുകളിലേക്ക് ശമ്പളമോ സര്‍ക്കാര്‍ സബ്സിഡികള്‍ ഉള്‍പ്പെടെയുള്ള മറ്റു കൈമാറ്റങ്ങളോ സ്വീകരിക്കുന്ന ഉപയൊക്താക്കള്‍ മാര്‍ച്ച് പകുതിയോടെ ഇതര ക്രമീകരണങ്ങള്‍ നടത്തണമെന്നാണു മുന്നറിയിപ്പ്. പണം സ്വീകരിക്കുന്നതിനു പേയ്ടിഎമ്മിന്റെ ക്യൂ ആര് കോഡുകള്‍ ഉപയോഗിക്കുന്ന വ്യാപാരികള്‍ക്ക് ഈ ക്യൂആര്‍കോഡുകള്‍ പേയ്ടിഎം ബാങ്കിന്റെ കൈവശമുള്ള അക്കൗണ്ടുകളല്ലാത്ത അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് തുടരാം. ഫാസ്ടാഗ് എന്ന ഉല്‍പന്നത്തിലൂടെയുള്ള ഇന്ത്യയുടെ ടോള്‍ ശേഖരണത്തിന്റെ അഞ്ചിലൊന്നു പങ്കും ബാങ്കിനുണ്ട്. മാര്‍ച്ച് 15നു ശേഷം ഈ ഫാസ്ടാഗുകള്‍ റീചാര്‍ജ് ചെയ്യാനോ ടോപ്പ് അപ്പ് ചെയ്യാനോ കഴിയില്ലെന്ന് ആര്‍ബിഐ അറിയിച്ചു.