Health

അമിതദേഷ്യം അപകടം…!   ദേഷ്യം നിയന്ത്രിക്കാൻ ഫലപ്രദമായ ഈ വഴികൾ പരീക്ഷിക്കൂ

   എന്താണ് ഈ ദേഷ്യം? നാം പ്രതീക്ഷിക്കുന്നതു പോലെ കാര്യങ്ങൾ നടക്കാതെ വരുകയോ  മറ്റുള്ളവരുടെ പെരുമാറ്റങ്ങൾ നമ്മെ അലോസരപ്പെടുത്തുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അനാരോഗ്യകരമായ വൈകാരിക പ്രതികരണമാണ് ദേഷ്യം. കുടുംബങ്ങൾ ശിഥിലമാകുക, വ്യക്തി വിരോധം, സാമൂഹ്യമായ ഒറ്റപ്പെടൽ തുടങ്ങി ഇതിനു ദൂഷ്യഫലങ്ങൾ ഏറെയാണ്.

ദേഷ്യം സമാധാനമല്ല, രൂക്ഷമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.  സമ്മർദം, വിഷാദം, ഉത്കണ്ഠ എന്നിവയവയാണ ദേഷ്യത്തിന്റെ അനന്തരഫലങ്ങൾ.  സന്തോഷകരമായ ജീവിതത്തിന് ആദ്യം വേണ്ടത് ദേഷ്യത്തെ ഇല്ലാതാക്കുക എന്നതാണ്. നമ്മുടെ മാനസികാരോഗ്യത്തെ ഇത് അപകടകരമായി സ്വാധീനിക്കും,  ദൈനംദിന ജീവിതത്തെ തകരാറിലാക്കും. അമിതദേഷ്യം എങ്ങനെ എങ്ങനെ പരിഹരിക്കാം…? അതിനുള്ള ചില മാർഗങ്ങൾ ഇതാ.

Signature-ad

☸ കാര്യങ്ങൾ കൃത്യമായി മനസിലാക്കാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ദേഷ്യം അകറ്റാനുള്ള പ്രധാനം മാർഗം. മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ ഉണ്ടാക്കുകയും നല്ലതും ചീത്തയുമായ വികാരങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നത്  ദേഷ്യം ഇല്ലാത്ത മനസികാരോഗ്യത്തിന്‍റെ ലക്ഷണങ്ങളാണ്.

☸ മദ്യപാനം, പുകവലി, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ അമിത ഉപയോഗം മാനസികവും ശാരീരികവുമായ ആരോഗ്യം നശിപ്പിക്കുകയും ദേഷ്യവും ആശ്രിതത്വവും വർധിപ്പിക്കുകയും ചെയ്യും. അതിനാൽ ലഹരിപദാർത്ഥങ്ങളിൽ നിന്നുള്ള മോചനം, ദേഷ്യം കുറച്ച് മാനസികാരോഗ്യം നേടുന്നതിനുള്ള മാർഗ്ഗമാണ്.

☸ പുതിയ കഴിവുകളിലേയ്ക്ക്  വ്യാപരിക്കുക, പുതിയ ഹോബികൾ കണ്ടെത്തുക. അതുവഴി നമ്മുടെ മനസ് എല്ലായ്പ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുകയും, ദേഷ്യം അകറ്റി മാനസിക ഉല്ലാസം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

☸ പതിവായി വ്യായാമം ചെയ്യുക. ആഴ്ചയിൽ 150 മിനിറ്റ് മിതമായ വ്യായാമം ചെയ്യുന്ന ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ദേഷ്യവും മാനസികാരോഗ്യ പ്രശ്ങ്ങളും കുറവായിരിക്കും.

☸ നല്ല പോലെ ഉറങ്ങുക. എല്ലാ ദിവസവും മനസ്സിനും ശരീരത്തിനും വിശ്രമം നൽകുന്നതിന് ശരിയായ ഉറക്കം ഉറപ്പു വരുത്തേണ്ടതാണ്. വേണ്ടത്ര ഉറക്കം ഇല്ലാത്തത് മാനസിക സമ്മർദത്തിന് കാരണമാകുന്നു. ഒപ്പം നമ്മളിൽ ദേഷ്യം വർദ്ധിപ്പിക്കുകയും ചെയ്യും.

☸ ദേഷ്യം അകറ്റാൻ തലച്ചോറിന്‍റെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാന ആവശ്യമാണ്. മാംസാഹാരം കുറച്ച് പച്ചക്കറികൾ, പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃത ആഹാരം ശീലമാക്കുക. പോഷകാഹാരക്കുറവ് ദേഷ്യം വിഷാദം, ക്ഷീണം, ഓർമക്കുറവ്, തുടങ്ങിയ മാനസിക രോഗങ്ങളെ വിളിച്ചു വരുത്തുന്നു.

☸ ദീർഘശ്വാസം പോലുള്ള റിലാക്സേഷൻ ടെക്നിക്കുകൾ പരീക്ഷിക്കൂ. യോഗ, മെഡിറ്റേഷന്‍ എന്നിവ ദേഷ്യം നിയന്ത്രിക്കുവാന്‍ സഹായിക്കും. ടെന്‍ഷന്‍ കുറയ്ക്കാനും ദേഷ്യം അകറ്റാനും ചിരി ക്ലബുകളില്‍ ചേരുന്നതും കോമഡി സിനിമകൾ കാണുന്നതും  നർമപുസ്തകങ്ങൾ വായിക്കുന്നതും നല്ലതാണ്. കൂടാതെ മറ്റുള്ളവരുമായി എപ്പോഴും നല്ല ബന്ധം സൂക്ഷിക്കാന്‍ ശ്രമിക്കുക. നമ്മുടെ പ്രശ്നങ്ങള്‍ മറ്റുള്ളവരോട് പറയുന്നത് പോലെ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് ചെവി കൊടുക്കാൻ നമുക്കും കഴിയണം.

☸ പുതിയ കാര്യങ്ങള്‍ പഠിക്കുവാനുള്ള ഒരു മനസ് ഉണ്ടാക്കിയെടുക്കുക. പുതിയ കാര്യങ്ങളിലേക്ക് ശ്രദ്ധിക്കുന്നത് ഒരു പരിധി വരെ പ്രശ്നങ്ങളും വിഷമങ്ങളും മറക്കുവാനും ദേഷ്യം കുറയ്ക്കുവാനും സഹായിക്കും. ഒഴിവുസമയം വെറുതെ പാഴാക്കാതെ ഇഷ്ടമുള്ള ഹോബികള്‍ക്കായി നീക്കി വയ്ക്കാം.

☸ മറ്റുള്ളവരുടെ തെറ്റുകള്‍ പൊറുക്കാന്‍ പഠിക്കുക. നിസാരകാര്യങ്ങള്‍ക്ക് മറ്റുള്ളവരോട് ദേഷ്യപ്പെടുകയോ അവരോടുള്ള ദേഷ്യം ഉള്ളില്‍ വെച്ചു കൊണ്ടിരിക്കുകയോ ചെയ്യരുത്. ഇത് നമ്മുടെ മാനസിക നിലയെ പരോക്ഷമായി ബാധിക്കുന്നു. നഷ്ടം നമുക്കും നമ്മുടെ ജീവിതത്തിനും തന്നെ.

  ☸ കടുത്ത മാനസിക സമ്മർദം, ദേഷ്യം എന്നിവയ്ക്ക് അടിമപ്പെട്ടിരിക്കുന്നുവെങ്കിൽ വൈകാതെ തന്നെ ഇതുസംബന്ധിച്ച വിദഗ്ധരെ കണ്ട് ഉപദേശം തേടുക.

☸ മറ്റുള്ളവരുടെ കാര്യങ്ങൾ മാത്രം നോക്കി നടക്കുന്നവരിൽ ദേഷ്യം വളരെ കൂടുതലാണ്. ദിവസത്തിൽ കുറച്ചു സമയമെങ്കിലും അവനവന്റെ കാര്യങ്ങൾക്ക് മുൻതൂക്കം കൊടുത്ത് ജീവിക്കാൻ ശ്രമിച്ചാൽ തന്നെ ദേഷ്യം ഒരുപരിധി വരെ അകറ്റാം. നാം നമ്മളെ തന്നെ ശ്രദ്ധിക്കാതെ പോവുന്നതാണ് വലിയൊരു ശതമാനം ആളുകളിലെയും ദേഷ്യത്തിന്റെ പ്രധാന കാരണം. ആരോഗ്യമെന്നത് മനസ്സിന്‍റെയും ശരീരത്തിന്‍റെയും കൂടി ആരോഗ്യമാണ്.

☸ ഞാൻ വലിയ ദേഷ്യക്കാരനാണ് എന്ന ചിന്ത ഉപേക്ഷിക്കുക. ദേഷ്യം വരുന്ന വിഷയത്തിൽനിന്ന് മനസ്സിന്റെ ശ്രദ്ധ മാറ്റുക. എനിക്ക് ദേഷ്യപ്പെടാതിരിക്കാൻ സാധിക്കും എന്ന് സ്വയം ചിന്തിച്ച് ബോധ്യപ്പെടുത്താൻ ശ്രമിക്കുക.

Back to top button
error: