പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാന്‍ നിന്നുകൊടുക്കില്ല ; അതിന്റെ പേരില്‍ കുട്ടികള്‍ക്ക് അവകാശപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാനും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുളള ഒരു നീക്കവും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കുട്ടികള്‍ക്ക് അവകാശപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാനും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കുട്ടികള്‍ക്ക് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് തടഞ്ഞുവെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ മറികടക്കാനുളള തന്ത്രപരമായ നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഈ ഫണ്ട് ഏതെങ്കിലും പാര്‍ട്ടിയുടെ ഔദാര്യവുമല്ല. മറിച്ച് കേരളത്തിലെ ജനങ്ങളുടെ നികുതിയില്‍ നിന്നുളള നമ്മുടെ കുട്ടികളുടെ അവകാശമാണ്. അത് നേടിയെടുക്കുക എന്നതാണ് ജനകീയ സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയം 2020 പൂര്‍ണമായും അംഗീകരിച്ചു എന്ന വാദം സാങ്കേതികം മാത്രമാണെന്നും മന്ത്രി പറഞ്ഞു. 2022 ഒക്ടോബര്‍ മുതല്‍ സമഗ്ര ശിക്ഷാ പദ്ധതിയെ എന്‍ഇപി നടപ്പാക്കാനുളള ഉപാധിയായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു എന്നാല്‍, 2023 വരെ ഫണ്ട് വാങ്ങുമ്പോഴും കേരളം സംസ്ഥാന താല്‍പര്യങ്ങള്‍ക്കും വിദ്യാഭ്യാസ മൂല്യങ്ങള്‍ക്കും അനുസരിച്ചാണ് പദ്ധതികള്‍ തയ്യാറാക്കിയതെന്നും അതുതന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ കേരളത്തിന് അവകാശപ്പെട്ട ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. 2023-24 വര്‍ഷം കേരളത്തിന് നഷ്ടമായത് 188 കോടി 88 ലക്ഷം രൂപയാണ്. 2024-25 വര്‍ഷത്തെ കുടിശ്ശിക 513 കോടി 54 ലക്ഷം രൂപയാണ്. 2025-26 വര്‍ഷം നമുക്ക് ലഭിക്കേണ്ടിയിരുന്ന 456 കോടി ഒരു ലക്ഷം രൂപയും തടഞ്ഞുവെച്ചു. ആകെ 1158 കോടി 13 ലക്ഷം രൂപയാണ് നമുക്ക് നഷ്ടമായത്. പിഎം ശ്രീ പദ്ധതി 2027 മാര്‍ച്ചില്‍ അവസാനിക്കും. ഇപ്പോള്‍ ഒപ്പിടുന്നതിലൂടെ സമഗ്ര ശിക്ഷയുടെ കുടിശ്ശികയും രണ്ടുവര്‍ഷത്തെ പിഎം ശ്രീ ഫണ്ടും ഉള്‍പ്പെടെ 1476 കോടി 13 ലക്ഷം രൂപയാണ് സംസ്ഥാനത്തിന് ലഭിക്കാന്‍ പോകുന്നത്. നിലവില്‍ കേന്ദ്രം സമഗ്രശിക്ഷയ്ക്ക് നല്‍കാമെന്ന് ധാരണയായത് 971 കോടി രൂപയാണെന്നും പറഞ്ഞു.
ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍സിഇആര്‍ടി ജനറല്‍ ബോഡി യോഗത്തില്‍ 20 സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുണ്ടായിരുന്നു. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംസാരിച്ചത് കേരളം മാത്രമാണ്. ഫണ്ട് തടഞ്ഞുവെച്ച് സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുന്നത് കേന്ദ്രമാണ്. അതിനെ അതിജീവിച്ച് നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കുകയാണ് കേരളം ചെയ്യുന്നത്. പിഎം എന്ന് പദ്ധതിയില്‍ കണ്ടാല്‍ ഉടന്‍ തന്നെ കോടിക്കണക്കിന് രൂപ വരുന്ന ഫണ്ട് വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ല. 82 കേന്ദ്ര പദ്ധതികളില്‍ 17 എണ്ണം പിഎം എന്ന് തുടങ്ങുന്നവയാണ്. ഇതൊക്കെ സാങ്കേതികം മാത്രമാണ്.
കേരളത്തിന്റെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് കേരളം തന്നെയാണ്. പാഠ്യപദ്ധതിയുടെ വര്‍ഗീയവത്കരണത്തിന് നിന്നുകൊടുക്കാന്‍ തയ്യാറായിട്ടില്ല. എന്‍ഇപി വന്നതിന് ശേഷം ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്‌കരിച്ച ഏക സംസ്ഥാനം കേരളമാണ്. മതനിരപേക്ഷത, ശാസ്ത്രചിന്ത, ഭരണഘടനാമൂല്യങ്ങള്‍ എന്നിവയില്‍ ഊന്നിയ പാഠ്യപദ്ധതിയാണ് നാം പരിഷ്‌കരിച്ച് നടപ്പാക്കിയത്. എന്‍സിഇആര്‍ടി വെട്ടിയ ഗാന്ധിവധവും മുഗള്‍ ചരിത്രവുമുള്‍പ്പെടെ അഡീഷണല്‍ പാഠപുസ്തകങ്ങളാക്കി കുട്ടികളെ പഠിപ്പിച്ച് പരീക്ഷയെഴുതിച്ച സംസ്ഥാനമാണ് കേരളം. അതു തുടരുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.






