പിഎം ശ്രീയില്‍ കോണ്‍ഗ്രസ് നിലപാടിനെ തിരിഞ്ഞുകൊത്തി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; കര്‍ണാടകയും തെലുങ്കാനയും ഹിമാചലും നേരത്തേ ഒപ്പിട്ടു; പണവും കൈപ്പറ്റി; കെ.സി. വേണുഗോപാല്‍ പറഞ്ഞത് നുണയെന്ന് തെളിയിക്കുന്ന കണക്കുകള്‍

തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പുവച്ചതിലൂടെ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി വന്ന കോണ്‍ഗ്രസിന്റെ വാദങ്ങളെ തിരിഞ്ഞുകൊത്തി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാട്. കര്‍ണാടകയുടെ കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ടതാണെന്നാണു കെ.സി. വേണുഗോപാല്‍ പറഞ്ഞത്. എന്നാല്‍, 2022 സെപ്റ്റംബറിലാണു പിഎം ശ്രീ പ്രഖ്യാപിച്ചത്. ഒക്‌ടോബറില്‍ ഛത്തീസ്ഗഡ് ഒപ്പിട്ടു. ഹിമാചല്‍, രാജസ്ഥാന്‍, തെലങ്കാന എന്നിവരും ഒപ്പിട്ടിട്ടുണ്ട്. എല്ലാം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്താണ്.
രാജ്യസഭയില്‍ എ.എ. റഹീമിനു നല്‍കിയ മറുപടിയില്‍ ഏതൊക്കെ സംസ്ഥാനങ്ങള്‍ എത്രയൊക്കെ പണം കൈപ്പറ്റിയെന്ന വിവരങ്ങളും വ്യക്തമാക്കുന്നുണ്ട്. അതില്‍ കര്‍ണാടകത്തിന് 2023-24ല്‍ 26.4 കോടിയും 24-25ല്‍ 31.4 കോടിയും ലഭിച്ചു. തെലങ്കാനയ്ക്ക് 23-24ല്‍ 59.8 കോടിയും 24-25ല്‍ 147.97 കോടിയും ലഭിച്ചു. ഹിമാചല്‍ പ്രദേശ് 2024-2025ല്‍ 67.68 കോടി രൂപയും കൈപ്പറ്റിയിട്ടുണ്ട്.
അപ്പോള്‍ കേരളത്തേക്കാള്‍ മുമ്പേ മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കീഴടങ്ങിയോ എന്നതാണു ചോദ്യം. കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ സെക്ടര്‍ സ്‌കീമുകളെ (സിഎസ്എസ്) ഫെഡറല്‍ സംവിധാനങ്ങള്‍ക്കു വിരുദ്ധമായി ഉപയോഗിക്കുന്നതിനെ രാഷ്ട്രീയമായി എതിര്‍ക്കാര്‍ കെല്‍പില്ലാതെ കേരളത്തെ വരിഞ്ഞുമുറുക്കാന്‍ ചൂട്ടുപിടിക്കുന്ന കൂട്ടമായി കേരളത്തിലെ കോണ്‍ഗ്രസ് മാറിയെന്നും വിമര്‍ശകര്‍ പറയുന്നു. സിഎസ്എസ് എന്നതു സംസ്ഥാനങ്ങളുടെ അവകാശമാണ്. അതുവച്ചുള്ള സമ്മര്‍ദം ചെലുത്തലുകളെ പ്രതിരോധിക്കേണ്ടത് അവയൊക്കെ വേണ്ടെന്നു വച്ചിട്ടല്ലെന്നും ഇവര്‍ പറയുന്നു.
2023-24ല്‍ കേരളത്തിനു സിഎസ്എസ് വിഹിതമായി കിട്ടിയത് 0.88 ശതമാനം പണമാണ്. 2024-25ല്‍ ഒരു ശതമാനവും. നിലവില്‍ കിട്ടാനുള്ള 1444 കോടിയെന്നതു പിഎം ശ്രീയുടെ പണമല്ല. ഇതേ പദ്ധതിയുടെ പേരുപറഞ്ഞ് ഫെഡറല്‍ മര്യാദകള്‍ ലംഘിച്ച് കേന്ദ്ര സര്‍ക്കാര്‍ പിടിച്ചുവയ്ക്കുന്ന എസ്എസ്എ അടക്കമുള്ള വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പണമാണ്.
എന്‍ഇപി 2020 ന്റെ ഭാഗമായ സര്‍വശിക്ഷാ അഭിയാന്‍ (എസ്എസ്എ) വിഹിതമായി സംസ്ഥാനത്തിനു ലഭിക്കേണ്ടത് 2024-25ല്‍ 45,976 കോടിയാണ്. ഇതില്‍ 421 കോടിയാണു നല്‍കിയത്. വെറും 0.91 ശതമാനം മാത്രം. അതാണ് തരില്ലെന്ന് ഇപ്പോള്‍ പറയുന്നത്.
42-ാം ഭരണഘടനാ ഭേദഗതിയിലൂടെ വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലേക്കു മാറ്റിയത് കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയുമാണ്. ഏതു മേഖലയിലും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ അതിനുമുമ്പ് തടസമുണ്ടായിരുന്നില്ല. എന്നിട്ടും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലേക്കു മാറ്റി. നിയമപരമായി കേന്ദ്രസര്‍ക്കാരുകള്‍ക്കു പ്രാമാണ്യം കൈവന്നു. ഇക്കാര്യ കോണ്‍ഗ്രസ് മറക്കാന്‍ പാടില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.






