CrimeNEWS

റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 21 കോടി; യുവാവ് അറസ്റ്റില്‍

മുംബൈ: റെയില്‍വെയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് മുന്നൂറോളം ആളുകളില്‍ നിന്നായി യുവാവ് തട്ടിയെടുത്തത് 21 കോടി. ഇയാളെ വെസ്റ്റേണ്‍ റെയില്‍വേ (ഡബ്ല്യുആര്‍) വിജിലന്‍സ് വകുപ്പാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.രഹസ്യവിവരത്തെത്തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തുകയും മൂന്ന് മാസത്തിലേറെയായി നടക്കുന്ന വ്യാജ തൊഴില്‍ റാക്കറ്റ് കണ്ടെത്തുകയും ചെയ്തു. മുംബൈയിലാണ് സംഭവം.

റെയില്‍വെയില്‍ ജോലി അന്വേഷിക്കുന്നുവെന്ന വ്യാജെന ഒരുക്കിയ കെണിയാണ് പ്രതിയെ കുടുക്കിയതെന്ന് ഡബ്ല്യുആര്‍ മുഖ്യ വക്താവ് സുമിത് താക്കൂര്‍ പറഞ്ഞു.ഇതിന്റെ ഭാഗമായി തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി 20,000 രൂപ പാര്‍ട്ട് പേയ്‌മെന്റായി ട്രാന്‍സ്ഫര്‍ ചെയ്തു. ബാക്കി തുക കൈപ്പറ്റാന്‍ നേരിട്ടെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രതീക്ഷിച്ചതു പോലെ പ്രതി പണം വാങ്ങാനെത്തുകയും തട്ടിപ്പുകാരനെ പിടികൂടുകയുമായിരുന്നു. ഇയാളുടെ യഥാര്‍ഥ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. തട്ടിപ്പിന്റെ ഭാഗമായി 9 മുതല്‍ 10 ലക്ഷം രൂപ വരെ ഇയാള്‍ പിരിച്ചെടുക്കുകയും കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു കൂട്ടാളിയുടെ സഹായത്തോടെ വ്യാജരേഖകള്‍ ഉണ്ടാക്കുകയും ചെയ്തതായി ഡബ്ല്യുആര്‍ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.

Signature-ad

പ്രതിയുടെ സ്മാര്‍ട്ട്ഫോണില്‍ നിന്ന് ബ്ലോക്ക് ചെയ്ത 180 നമ്പരുകള്‍ കണ്ടെത്തിയെന്നും റെയില്‍വേ ജോലി ലഭിക്കാന്‍ വേണ്ടി ഭീമമായ തുക നല്‍കിയ ഇരകളുടേതാണെന്നും താക്കൂര്‍ പറഞ്ഞു. കബളിപ്പിക്കപ്പെട്ടവര്‍ജോലിക്കായി നല്‍കിയ 5-8 ലക്ഷം രൂപ വരെയുള്ള പണം തിരികെ ആവശ്യപ്പെട്ട് 120 ഓളം ചാറ്റുകളും അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയെ മുംബൈ സെന്‍ട്രലിലെ റെയില്‍വേ പൊലീസിന് കൈമാറിയതായും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും താക്കൂര്‍ പറഞ്ഞു.

Back to top button
error: