അനുഭവങ്ങളുടെ ഓളപ്പരപ്പിൽ ‘ഒഴുകി ഒഴുകി ഒഴുകി’ ഒരു സിനിമ
തിരക്കഥാകൃത്ത് ഡോ. പ്രവീൺ ഇറവങ്കര എഴുതുന്നു
ഇന്നലെ രാത്രി
തിരുവനന്തപുരം ട്രാവൻകൂർമാളിലെ
തണുപ്പിലിരുന്നാണ് ‘ഒഴുകി ഒഴുകി ഒഴുകി’ എന്ന സിനിമ കണ്ടത്.
കാഴ്ചകൾ പലതരത്തിലാണെല്ലോ.
മുൻവിധിയുളളതും ഇല്ലാത്തതും.
ആദ്യ വിഭാഗത്തിൽ പെടുന്നതായിരുന്നു
ഈ ചിത്രദർശനം.
കാരണം അതിന്റെ അരങ്ങിലും അണിയറയിലും ഏറെ പ്രിയപ്പെട്ട ചിലരുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ എന്റെ ആസ്വാദനത്തെ ചെറുതല്ലാത്തവിധം
ഇഷ്ടവും വാത്സല്യവും കടന്നുകയറി ആക്രമിച്ചിട്ടുണ്ടാവും.
എങ്കിലും പറയട്ടെ,
കണ്ടിരിക്കാവുന്ന,ഇടയ്ക്കിടെ കരളൊന്നു പിടപ്പിക്കുന്ന സിനിമ തന്നെയാണ് ഒഴുകി ഒഴുകി ഒഴുകി !
ആലപ്പുഴക്കാരനായ ഞാൻ ഇന്നുവരെ കാണാത്ത എന്റെ ആലപ്പുഴയുടെ മഹാസൗന്ദര്യം അടിമുടി ആവാഹിച്ചെടുത്ത് അത്ഭുതപ്പെടുത്തി സംവിധായകനും ഛായാഗ്രാഹകനും !
കായൽപ്പരപ്പിലും കണ്ടൽക്കാടുകളിലും കവിതപോലെ രാപ്പകലുകൾ അരിച്ചിറങ്ങി അനാദിനൃത്തം ചെയ്യുന്ന കാഴ്ച തെല്ലസൂയയോടെ നോക്കിയിരുന്നു.
ഇന്നലെയോളമെന്തേ ഞാനിതു കണ്ടില്ല ?
വട്ടക്കായലിലെ ഓളപ്പരപ്പിൽ അച്ഛനെ നഷ്ടപ്പെട്ട പാക്കരൻ എന്ന 12 വയസുകാരന്റെ ജീവിതമാണ് കഥാപരിസരം.
അവന് കരയാതെകരയുന്ന അമ്മയും കലർപ്പില്ലാത്ത കൂട്ടുകാരും കായലും കാമുകിയുമുണ്ട്.
അവൻ ഒരു കഥാപാത്രത്തിനപ്പുറം ഒരു സംസ്കാരമായി ഇടയ്ക്കിടെ വളരുന്നുണ്ട്.
കായലിൽ ഒഴുകി നടക്കുന്ന അജ്ഞാതശവങ്ങൾ അവന്റെ ഉറക്കത്തെ വേട്ടയാടുന്നുണ്ട്.
ഒരുപക്ഷേ കായൽ വിഴുങ്ങിയ ഒരിക്കലും മടങ്ങിവരാത്ത തന്റെ അച്ഛനെയാവും ഓരോ ശവമുഖങ്ങളിലും അവൻ കണ്ടിട്ടുണ്ടാവുക !
എള്ളും പൂവും വായ്ക്കരിയിട്ടാൽ അജ്ഞാതാത്മക്കൾക്ക് മോക്ഷം കിട്ടുമെന്ന് സ്ഥലത്തെ പ്രധാന കാർമ്മികൻ അവന്റെ കുഞ്ഞുമനസിനോട് പറയുമ്പോൾ ആരും കാണാതൊരു രാത്രിയിൽ അടുക്കളയിൽ നിന്ന് എള്ളുമെടുത്തവൻ
വള്ളം തുഴഞ്ഞ് കായൽനടുവിൽ ഒഴുകിയലഞ്ഞു നടക്കുന്ന ശവം തേടി പോകുമ്പോൾ കഥയും പാക്കരനും അപ്രതീക്ഷിതമായ വഴിയിലേക്ക് ഒഴുകി ഒഴുകി ഒഴുകി പോകുന്നു.
പാക്കരനെ പാക്കരനാക്കുന്നത് ഈ ചിത്രത്തിന്റെ സംവിധായകൻ സഞ്ജീവ് ശിവന്റെയും നിർമ്മാതാവ് ദീപ്തി ശിവന്റെയും മകൻ സിദ്ധാംശു ശിവനാണ്.
അവന്റെ കുട്ടിത്തമുറങ്ങുന്ന കണ്ണുകളിൽ പാക്കരൻ നമ്മളെ കൊത്തിവലിക്കുന്നുണ്ട് ഒന്നര മണിക്കൂർ സിനിമയിൽ ഒന്നിലേറെ തവണ !
സംവിധായകന്റെ ലാവണ്യബോധവും
ഛായാഗ്രാഹകൻ മനോജ്പിളളയുടെ
തുറന്നൊഴുകുന്ന കാഴ്ചശില്പങ്ങളും
റസൂൽ പൂക്കുട്ടിയുടെ അഭൗമ സൗന്ദര്യമുള്ള ശബ്ദമിശ്രണവും
ശ്രീകർ പ്രസാദിന്റെ കമ്പോടുകമ്പു ചേർന്ന എഡിറ്റിംഗ് മികവും ബോളിവുഡ് സംഗീതസംവിധായകൻ തോമസ് കാന്റിലന്റെ പശ്ചാത്തല സംഗീതസൗകുമാര്യവും സിനിമക്കുനൽകുന്ന ഊർജം ചെറുതൊന്നുമല്ല.
ഒരു നല്ല സിനിമക്ക് വേണ്ടത് ഇതൊക്കെയാണോ എന്ന് എനിക്കറിയില്ല.
പക്ഷേ ഞാൻ വല്ലാതെ ആസ്വദിച്ചു.
കാരണം ഞാൻ ആദ്യം പറഞ്ഞതുപോലെ പാക്കരൻ നടന്നുപോയത് അല്ല തുഴഞ്ഞുപോയത് എനിക്കു പരിചിതമായ കഥയോളങ്ങളിലൂടെയാണ്.
പാക്കരന്റെ അമ്മ ദീപ്തി ശിവൻ എനിക്കേറെ പ്രിയപ്പെട്ട എന്റെ സഹോദരിയാണ്.
അതിനുമപ്പുറം ഈ സമ്പൂർണ്ണ ശിവൻകുടുംബചിത്രം എന്നെ പിടിച്ചിരുത്തിയത് എന്റെ പ്രിയ സഹോദരൻ ബി.ആർ പ്രസാദ് ഒരുപാടു കഥകൾ ബാക്കിവെച്ച് ഒടുക്കമെഴുതിയ കഥയായിരുന്നു ഈ പാക്കരകഥ.
ആകയാൽ ഇത് പ്രിയ ബി.ആറിനുളള തിലോദകം കൂടിയാവുന്നു.
എള്ളും പൂവും കൊണ്ട് പാക്കരനിട്ട തിലോദകം.