പൂനത്തിന്റെ മരണത്തില്‍ ഞെട്ടി ആരാധകര്‍; അവിശ്വസനീയമെന്ന് സോഷ്യല്‍മീഡിയ
മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ(32)യുടെ മരണവാര്‍ത്ത വിശ്വസിക്കാതെ ആരാധകരും സോഷ്യല്‍ മീഡിയയും. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പറയുന്നു. വ്യാഴാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്നും നടിയുടെ മനേജരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശോഭനാഥ് പാണ്ഡേ, വിദ്യ ദമ്പതികളുടെ മകളായി ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് പൂനം ജനിച്ചത്. മോഡലിങ്ങിലൂടെയാണ് പൂനം സിനിമയിലെത്തിയത്. 2010ല്‍ നടന്ന ഗ്ലാഡ്രാഗ്‌സ് മാന്‍ഹണ്ട് ആന്‍ഡ് മെഗാമോഡല്‍ മത്സരത്തിലെ ആദ്യ ഒന്‍പതു സ്ഥാനങ്ങളിലൊന്നില്‍ ഇടംനേടിയതോടെ ഫാഷന്‍ മാസികയുടെ മുഖചിത്രമായി.
2013 ല്‍ പുറത്തിറങ്ങിയ നഷ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ലൗ ഈസ് പോയിസണ്‍, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങി കന്നഡ, ഹിന്ദി, തെലുഗ് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലെ വിവാദങ്ങളിലൂടെയാണ് പൂനം പ്രശസ്ത നേടുന്നത്. 2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ നഗ്‌നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളില്‍ നിന്നും ബി.സി.സി.ഐ.യില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് പുനം നേരിട്ടത്. 2012-ലെ ഐ.പി.എല്‍. 5-ആം പതിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയികളായപ്പോള്‍ പൂനം പാണ്ഡെ തന്റെ നഗ്‌നചിത്രങ്ങള്‍ പോസ്റ്റുചെയ്തിരുന്നു
2020 ല്‍ പൂനം, വ്യവസായിയായ സാം ബോംബെയെ വിവാഹം ചെയ്തു. വര്‍ഷങ്ങളായി ഒരുമിച്ച് താമസിച്ചിരുന്ന ഇവര്‍ സ്വകാര്യ വീഡിയോകളടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പൂനം പോലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് സാമിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. 2021 ല്‍ ഇവര്‍ ഔദ്യോഗികമായി വിവാഹമോചിതരായി.