NEWSPravasi

സൗദിയില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നിർബന്ധം: സ്ത്രീകള്‍ പര്‍ദ്ദ അല്ലെങ്കില്‍ പാന്‍റ് ധരിക്കണം

റിയാദ്: സൗദി അറേബ്യയില്‍ ബസ് ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്തി. ഏപ്രില്‍ 27 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

പുരുഷ ബസ് ഡ്രൈവർമാരുടെ യൂണിഫോം സൗദി ദേശീയ വസ്ത്രമായ തോബാണ്, കൂടെ ഷൂവും നിർബന്ധം. തലയില്‍ ശമാഗ്/ഗത്റ എന്നിവ ധരിക്കാം. അതില്ലെങ്കില്‍ തൊപ്പി ധരിക്കണം. തൊപ്പിയുടെ നിറം കറുത്തതാകണം.

ദേശീയ വസ്ത്രമല്ലെങ്കില്‍ കറുത്ത പാന്‍റും ബെല്‍റ്റും ഷൂവും നീളൻ കൈയുള്ള നീല ഷർട്ടുമാണ് യൂണിഫോം. സ്ത്രീകള്‍ക്കുള്ള യൂണിഫോം പർദ്ദ (അബായ)യും ഷൂവുമാണ്. ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കാം. തൊപ്പി കറുത്തതായിരിക്കം. പർദ്ദ ധരിക്കുന്നില്ലെങ്കില്‍ കറുത്ത നീളമുള്ള പാന്‍റും കറുത്ത ബെല്‍റ്റും ഷൂവും നീളൻ കൈയുള്ള നീല ഷർട്ടും ധരിക്കണം.

കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ പേരും എംബ്ലവും ഡ്രൈവറുടെ പേരും ഫോട്ടോയും പതിച്ച തിരിച്ചറിയല്‍ കാർഡും പുരുഷ, സ്ത്രീ ഡ്രൈവർമാർ ധരിക്കണം. ജനറല്‍ ട്രാൻസ്പോർട്ട് അഥോറിറ്റിയാണ് യൂണിഫോമിന് അംഗീകാരം നല്‍കിയത്.

Back to top button
error: