റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റിലായാല്‍ അദ്ദേഹത്തിന്റെ ഭാര്യ കല്‍പന സോറന്‍ അടുത്ത മുഖ്യമന്ത്രിയായേക്കുമെന്ന വിവരം പുറത്തുവിട്ട് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച. ചൊവ്വാഴ്ച വൈകിട്ട് ഭരണപക്ഷ എം.എല്‍.എമാരുമായി നടത്തിയ യോഗത്തില്‍ സോറന്‍ തന്നെയാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്നും സര്‍ക്കാരിന്റെ നിലനില്‍പിനെ ബാധിക്കുന്ന കാര്യമായതിനാല്‍ എല്ലാവരും ഈ ആശയത്തെ പിന്താങ്ങിയെന്നുമാണ് പുറത്തുവരുന്ന വിവരം.
ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോറനെ ഇന്ന് ചോദ്യം ചെയ്തേക്കും. മൊഴിരേഖപ്പെടുത്തിയാല്‍ പിന്നാലെ അറസ്റ്റ് നടക്കും. ഈ സാഹചര്യത്തിലാണ് കല്‍പനയെ മുഖ്യമന്ത്രിയാക്കുക എന്ന ആശയം വന്നിരിക്കുന്നത്. യോഗത്തില്‍ നിയമസഭാംഗം അല്ലാത്ത കല്‍പന പങ്കെടുത്തത് ചര്‍ച്ചയായിരുന്നു. സര്‍ഫറാസ് അഹമ്മദ് ഈയിടെ നിയമസഭാംഗത്വം രാജിവെച്ചത് കല്‍പനയ്ക്ക് വഴിയൊരുക്കാനാണെന്നും പറയപ്പെടുന്നു.
സോറന് അറസ്റ്റ് ഭീഷണിയുള്ളതിനാല്‍ ജെ.എം.എം. ബദല്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും കല്‍പനയെ മുഖ്യമന്ത്രിയാക്കുക എന്നതാണ് അതില്‍ പ്രധാനമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ വെളിപ്പെടുത്തി. സോറന്‍ ഒരിക്കലും മറ്റൊരു ഹിമന്ത ശര്‍മയോ നിതീഷ് കുമാറോ ആകില്ലെന്ന് ജെ.എം.എം. പ്രതികരിച്ചു. പാര്‍ട്ടിഭേദമില്ലാതെ എല്ലാ എം.എല്‍.എമാരും മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നതായി ഝാര്‍ഖണ്ഡ് ആരോഗ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബണ്ണ ഗുപ്തയും വ്യക്തമാക്കിയിരുന്നു.
1976-ല്‍ ഒഡീഷയിലെ മയൂര്‍ഭഞ്ജ് ജില്ലയില്‍ ജനിച്ച കല്‍പന എന്‍ജിനിയറിങ്, എം.ബി.എ. ബിരുദധാരിയാണ്. 2006 ഫെബ്രുവരി ആറിനാണ് സോറനും കല്‍പനയും തമ്മില്‍ വിവാഹിതരായത്. നിഖില്‍, അന്‍ഷ് എന്നിങ്ങളെ രണ്ടുകുട്ടികളാണ് ഇവര്‍ക്കുള്ളത്. രാഷ്ട്രീയ പാരമ്പര്യം തീരെയില്ലാത്ത സാഹചര്യത്തില്‍ നിന്നും വരുന്ന കല്‍പന അച്ഛനെ പോലെ ബിസിനസാണ് കൈകാര്യം ചെയ്യുന്നത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന കല്‍പന സന്നദ്ധപ്രവര്‍ത്തനങ്ങളിലും പങ്കാളിയാകാറുണ്ട്.