IndiaNEWS

ഡല്‍ഹി എംഎല്‍എമാര്‍ക്ക് 25 കോടി വാഗ്ദാനം; ബിജെപിക്കെതിരേ ആരോപണവുമായി കെജരിവാള്‍

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആം ആദ്മി സര്‍ക്കാരിനെ താഴെയിറക്കാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വാഗ്ദാം ചെയ്തു. മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ താഴെവീഴുമെന്നും അറിയിച്ച ശേഷമാണ് ബിജെപി നേതാക്കള്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയതെന്നും കെജരിവാള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ ഏഴ് എംഎല്‍എമാരുമായാണ് ബിജെപി നേതൃത്വം ചര്‍ച്ച നടത്തിയതെന്ന് കെജരിവാള്‍ എക്സില്‍ കുറിച്ചു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമെന്ന് അവരെ അറിയിച്ചു. 21 എംഎല്‍എമാരുമായി സംസാരിച്ചതായും അവര്‍ ബിജെപിയിലേക്ക് വരാന്‍ സമ്മതം അറിയിച്ചതായും ബിജെപി നേതാക്കള്‍ എംഎല്‍എമാരോട് പറഞ്ഞു.

Signature-ad

ആം ആദ്മി സര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്നും നിങ്ങള്‍ക്ക് ബിജെപിയിലേക്ക് വരാമെന്നും തെരഞ്ഞടുപ്പില്‍ സീറ്റ് നല്‍കുമെന്നും അവര്‍ അറിയിച്ചു. 25 കോടി രൂപയാണ് ഓരോ എംഎല്‍എയ്ക്കും വാഗ്ദാനം ചെയ്തതെന്നും് കെജരിവാള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

21 എംഎല്‍എമാരുമായി സംസാരിച്ചെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഏഴ് എംഎല്‍എമാരെയാണ് ബിജെപി നേതൃത്വം ബന്ധപ്പെട്ടത്. ഏഴുപേരും ബിജെപിയുടെ വാഗ്ദാനം വിസമ്മതിച്ചതായും കെജരിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലൂടെ ആം ആദ്മിയെ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാലാണ് ആം ആദ്മി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യുന്ന് മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കാനല്ലെന്നും ഡല്‍ഹി സര്‍ക്കാരിനെ താഴെയിറക്കാനുമാണ്.

കഴിഞ്ഞ ഒന്‍പതുവര്‍ഷമായി സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ നിരവധി ഗൂഢാലോചനകള്‍ നടത്തി. എന്നാല്‍, അതിലൊന്നും അവര്‍ക്ക് വിജയിക്കാനായില്ല. ദൈവത്തിന്റെയും ജനങ്ങളുടെയും പിന്തുണ തങ്ങള്‍ക്കാണെന്നും എല്ലാം എംഎല്‍എമാരും പാര്‍ട്ടിക്കൊപ്പമാണെന്നും ഇത്തവണയും ബിജെപിയുടെ നീചമായ നീക്കം പരാജയപ്പെടുമെന്നും കെജരിവാള്‍ പറഞ്ഞു.

 

Back to top button
error: