CrimeNEWS

ഡല്‍ഹി അസിസ്റ്റന്റ് കമ്മിഷണറുടെ മകനെ കൊന്ന് കനാലില്‍ തള്ളി; പ്രതികള്‍ സുഹൃത്തുക്കള്‍

ന്യൂഡല്‍ഹി: പൊലീസ് അസി. കമ്മീഷണറുടെ മകനെ കനാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹി എസിപി: യശ്പാല്‍ സിംഗിന്റെ മകന്‍ ലക്ഷ്യ ചൗഹാന്‍ (24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ രണ്ടുപേര്‍ക്കൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോയതായിരുന്നു ലക്ഷ്യ. എന്നാല്‍, സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ ലക്ഷ്യയെ സുഹൃത്തുക്കള്‍ കലാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭത്തില്‍ ഇയാളുടെ സുഹൃത്തുക്കളായ വികാസ് ഭരദ്വാജ്, അഭിഷേക് എന്നിവരാണ് പ്രതികള്‍. തീസ് ഹസാരി കോടതിയിലെ അഭിഭാഷകനാണ് ലക്ഷ്യ ചൗഹാന്‍.

തിങ്കളാഴ്ച ഭരദ്വാജിന്റെയും അഭിഷേകിന്റെയും കൂടെ സോനിപത്തിലെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ചൗഹാന്‍ ഇറങ്ങിയത്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്താത്തതോടെ എസിപി യശ്പാല്‍ സിംഗ് മകനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. ചൗഹാനും ഭരദ്വാജും തമ്മിലുള്ള സാമ്പത്തിക തര്‍ക്കം രൂക്ഷമായതിനാല്‍ കൊല്ലാന്‍ സുഹൃത്തുക്കള്‍ പദ്ധതിയിട്ടു. ഭരദ്വാജില്‍ നിന്ന് ചൗഹാന്‍ കടം വാങ്ങിയ പണം തിരിച്ച് നല്‍കുന്നില്ലെന്നാരോപിച്ചാണ് തര്‍ക്കത്തിന് തുടക്കം.

Signature-ad

പദ്ധതി പ്രകാരം അഭിഷേകും ഭരദ്വാജും ചൗഹാനെ സുഹൃത്തിന്റെ വിവാഹത്തിന് പോകാമെന്ന് പറഞ്ഞ് ക്ഷണിച്ചു. മടക്കയാത്രയ്ക്കിടെ കൊലപാതകം നടത്താമെന്നും ആസൂത്രണം ചെയ്തു. വിവാഹ ചടങ്ങിന് ശേഷം മൂവരും കാറില്‍ തിരിക്കവെ, മൂത്രമൊഴിക്കാനായി കനാലിന് സമീപം വാഹനം നിര്‍ത്തി. തുടര്‍ന്ന് അഭിഷേകും ഭരദ്വാജും ലക്ഷ്യ ചൗഹാനെ കനാലിലേക്ക് തള്ളിയിട്ട് അയാളുടെ കാറില്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ദില്ലിയില്‍ തിരിച്ചെത്തിയപ്പോള്‍, ഭരദ്വാജ് അഭിഷേകിനെ നരേലയില്‍ ഇറക്കി. അഭിഷേകിനെ പൊലീസ് പിടികൂടി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പ്രധാന പ്രതിയായ ഭരദ്വാജ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.

 

 

 

Back to top button
error: