IndiaNEWS

നാളെ എംഎല്‍എമാരുടെ യോഗം വിളിച്ച് നിതീഷ്; കോണ്‍ഗ്രസ് എംഎല്‍എമാരും ചര്‍ച്ച നടത്തി ബിജെപി

പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎയിലേക്ക് ചേക്കേറുമെന്ന സൂചനകള്‍ക്കു പിന്നാലെ ബിഹാറില്‍ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍. ബിഹാറിലെ പത്തിലധികം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ചര്‍ച്ച നടത്തുന്നതായി ബിജെപിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ബിഹാറില്‍ 19 എംഎല്‍എമാര്‍ കോണ്‍ഗ്രസിനുണ്ട്.

ഞായറാഴ്ച ജെഡിയു എംഎല്‍എമാരുടെ യോഗം നിതീഷ് കുമാര്‍ വിളിച്ചു. രാവിലെ 10 മണിക്കാണ് എംഎല്‍എമാരുടെ യോഗം. ബിഹാറിലെ സാഹചര്യം വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ് എന്നിവരുമായി ചര്‍ച്ച നടത്തിയതായും വിവരമുണ്ട്.

Signature-ad

ആരുടെ മുന്നിലും വാതിലുകള്‍ അടച്ചിട്ടില്ലെന്നും കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. വാതിലുകള്‍ അടച്ചിട്ടില്ലെന്ന സുശീല്‍ മോദിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു ബിജെപി ബിഹാര്‍ പ്രസിഡന്റ് സാമ്രാട്ട് ചൗധരിയുടെ മറുപടി.

ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ ഏഴാം വട്ടം ബിഹാര്‍ മുഖ്യമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണു പുറത്തുവന്ന റിപ്പോര്‍ട്ട്. ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയും ആകുമെന്നാണു സൂചന.

Back to top button
error: