KeralaNEWS

കോട്ടയത്ത് തന്നെ പരിഗണിക്കണമെന്ന് മഞ്ഞക്കടമ്പില്‍; ജോസഫ് വിഭാഗത്തില്‍ അടി തുടങ്ങി

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍. കോട്ടയം സീറ്റില്‍ പരിഗണിക്കാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പ്രതികരിച്ചു. പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് മത്സരിക്കാന്‍ ആളില്ലാത്ത പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ്. നിരവധി നേതാക്കളുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിന് അയോഗ്യതയുണ്ടെന്ന് ഒരിക്കലും കരുതുന്നില്ല. അദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെന്ന് ഓര്‍മിപ്പിച്ച സജി മഞ്ഞക്കടമ്പില്‍, കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിച്ച ആളുകളെ മാറ്റി നിര്‍ത്തി മറ്റൊരാളെ പരിഗണിച്ചാല്‍ തനിക്ക് സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

Signature-ad

സ്ഥാനാര്‍ഥിത്വത്തിനുള്ള യോഗ്യതയുണ്ടെന്നാണ് കരുതുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ആവശ്യപ്പെട്ടിരുന്നു. പൂഞ്ഞാറിലാണ് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് അത് കോണ്‍ഗ്രസിന് നല്‍കേണ്ടി വന്നു. ഏറ്റുമാനൂര്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിയെ പാര്‍ട്ടി രംഗത്തിറക്കി. പാര്‍ട്ടി മാറി നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ അനുസരിച്ചു. പാര്‍ട്ടിക്കോ യുഡിഎഫിനോ ക്ഷീണമുണ്ടാകുന്ന ഒരു കാര്യത്തിനും പോയിട്ടില്ല. അന്ന് ഒരു അസംബ്ലി സീറ്റില്‍ മത്സരിപ്പിച്ചിരുന്നെങ്കില്‍ ഇന്ന് പാര്‍ലമെന്റ് സീറ്റിലേക്ക് ഒരു താത്പര്യം പോലും പ്രകടിപ്പിക്കില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് എമ്മിന്റെ തോമസ് ചാഴിക്കാടനാണ് നിലവില്‍ കോട്ടയം എം.പി. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച ഇദ്ദേഹം നിലവില്‍ എല്‍.ഡി.എഫിനൊപ്പമാണ്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റ് എന്ന നിലയില്‍ ഇത്തവണ ജോസഫ് വിഭാഗത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളും സജീവമാണ്. ഫ്രാന്‍സിസ് ജോര്‍ജിനെയാണ് കോട്ടയത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാല്‍, ഏറെക്കാലമായി ഇടുക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തെ കോട്ടയത്ത് മത്സരിപ്പിക്കുന്നതില്‍ ഒരുവിഭാഗത്തിന് അതൃപ്തിയുണ്ട്.

 

 

Back to top button
error: