തൃശ്ശൂര്‍: മാളയില്‍ മോഷണക്കേസിലെ പ്രതി പോലീസില്‍ കീഴടങ്ങിയെന്നരീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ നടത്തിയ പ്രചാരണം പൊല്ലാപ്പായി. പരാതിക്കാരനെത്തന്നെ പ്രതിയാക്കിയാണ് പോസ്റ്റിട്ടത്. അവസാനം പരാതിക്കാരന്റെ കാലുപിടിച്ച് മാപ്പുപറഞ്ഞാണ് പ്രചരിപ്പിച്ചയാള്‍ രക്ഷപ്പെട്ടത്. പള്ളിയുടെ ഓഫീസ് മുറിയിലെ ലോക്കര്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പോലീസില്‍ കീഴടങ്ങിയതായി പേരും വിലാസവും സഹിതമാണ് പ്രചരിപ്പിച്ചത്.
പോലീസിന്റെ പ്രഥമവിവരറിപ്പോര്‍ട്ട് തെറ്റിദ്ധരിച്ചാണ് പരാതിക്കാരനെ പ്രതിയാക്കിയതെന്നാണ് പോസ്റ്റിട്ടയാളുടെ വിശദീകരണം. ആരോടുവേണമെങ്കിലും മാപ്പുപറയാന്‍ തയ്യാറാണെന്ന് പരാതിക്കാരന് വാക്കുനല്‍കിയാണ് ഇയാള്‍ പോലീസ് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയത്. തന്നെ കള്ളനായി ചിത്രീകരിച്ച സാമൂഹികമാധ്യമത്തിലെ രചയിതാവിനെ കണ്ടപ്പോള്‍ സഹതാപം തോന്നിയ പരാതിക്കാരന്‍ ക്ഷമിച്ചുവെന്നാണ് സൂചന. കേസുമായി മുന്‍പോട്ടുപോകാന്‍ പലരും ആവശ്യപ്പെട്ടെങ്കിലും അയാളുടെ അവസ്ഥ കണ്ടപ്പോള്‍ സഹതാപമുണ്ടായെന്നും പരാതിക്കാരന്‍ പറഞ്ഞു.
സംഭവത്തില്‍ പരാതിക്കാരന്റെ മനസ്സലിഞ്ഞതോടെ പോലീസും നടപടി താക്കീതിലൊതുക്കി. പേരും മേല്‍വിലാസവും സഹിതം വന്ന വാര്‍ത്ത ചിലര്‍ അദ്ഭുതത്തോടെയാണ് കണ്ടത്. സമൂഹത്തില്‍ അറിയപ്പെടുന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയാണ് പ്രതിയാക്കി ചിത്രീകരിച്ചത്.