ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിലെ മൂന്നാമത്തെയും അവസാനത്തെയും ഗ്രൂപ്പ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് നാണം കെട്ട തോൽവി. കലിംഗയിൽ ഇന്നലെ നടന്ന കളിയിൽ ഐ എസ് എൽ ടീമായ നോർത്തീസ്റ്റ് യുണൈറ്റഡിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മഞ്ഞപ്പട പരാജയപ്പെട്ടത്.
നോർത്തീസ്റ്റിനായി പർതിബ് ഗൊഗോയ്, മൊഹമ്മദ് അലി, റെഡീം ട്ലാംഗ്, ജിതിൻ എം എസ് എന്നിവർ വല കുലുക്കിയപ്പോൾ, ദിമിത്രിയോസ് ഡയമാന്റകോസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്.ഇതോടെ ദിമിത്രിയോസ് സീസണിൽ 10 ഗോൾ നേടുന്ന ആദ്യ താരമായി.ഐഎസ്എല്ലിൽ 7 ഗോളുകളും സൂപ്പർ കപ്പിൽ 3 ഗോളുകളും ഉൾപ്പെടെയാണിത്.
സൂപ്പർ കപ്പിൽ കിരീട പ്രതീക്ഷയുമായി എത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ ഐ എസ് എല്ലിൽ നിലവിൽ ആറാമതും, പത്താമതുമുള്ള ടീമുകളോടാണ് തോറ്റ് സെമിപോലും കാണാതെ പുറത്താകുന്നത്. തുടർച്ചയായ രണ്ട് കളികളിൽ നേരിട്ട ഈ പരാജയങ്ങൾ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് ഉറപ്പാണ്.നേരത്തെ ജംഷഡ്പൂർ എഫ്സി 3-2 ന് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു.ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോംഗ് എഫ്സിയെ മാത്രമാണ് ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽപ്പിക്കാനായത്.3-1