തൃശൂർ: കൊയ്തൊഴിഞ്ഞ പാടത്ത് ഇന്ന് പൂര വസന്തം. നാടും നഗരവും ജനസാഗരമായി പാർക്കാടി പാടത്തേക്ക് ഒഴുകിയെത്തുന്നു. പൂരത്തെ വരവേറ്റ് വർണ്ണപന്തലൊരുങ്ങി. കേരളത്തിലെ എണ്ണം പറഞ്ഞ ഗജവീരന്മാർ അണിനിരക്കുന്നപ്രസിദ്ധമായ അഞ്ഞൂർ പാർക്കാടി പൂരത്തിന് ഇന്ന് രാവിലെ വിശേഷാൽ പൂജകളോടെ തുടക്കമാകും.
ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പന്തലം കോട് സജി നമ്പൂതിരി മുഖ്യകാർമ്മീകത്വം വഹിക്കും. ക്ഷേത്രം മേൽശാന്തി തോട്ടപ്പായമന ശങ്കരൻ നമ്പൂതിരി, സജീഷ് തോട്ടപ്പായമന, കോമരം രാജേഷ് കുട്ടഞ്ചേരി എന്നിവർ കാർമ്മികരാകും. തുടർന്ന് നടക്കൽ പറ, പൊങ്കാല. ഉച്ചതിരിഞ്ഞ് 3 ന് വെള്ളിതിരുത്തി ഉണ്ണി നായരുടെ നേതൃത്വത്തിൽ മേളം നടക്കും. ദേവസ്വം പൂരം എഴുന്നള്ളിപ്പിന് പൂതൃക്കോവിൽ പാർഥസാരഥി ദേവിയുടെ തിടമ്പേറ്റും. 5.45ന് വിവിധ ദേശങ്ങളായ കമ്പനിപ്പടി, അഞ്ഞൂർ, ചിറ്റഞ്ഞൂർ, ചെറുവത്താനി, തൊഴിയൂർ, നമ്പീശൻ പടി, തെക്കേപ്പുറം, ആലത്തൂർ എന്നിവടങ്ങളിൽ നിന്നുള്ള പൂരങ്ങൾ പാർക്കാടി പാടത്ത് സംഗമിക്കും. തുടർന്ന് നൂറിൽ പരം മേളകലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമോളത്തോടെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിന് 40-ൽ പരം തലയെടുപ്പുള്ള ഗജവീരന്മാർ അണിനിരക്കും. വൈകീട്ട് 6 മുതൽ നാടൻ കലാരൂപങ്ങളായ തിറ, തെയ്യം, കരിങ്കാളി എന്നിവ വടക്കൻ വാതിക്കൽ ആടി തിമർക്കുന്നതോടൊപ്പം നാദസ്വരം മേള അകമ്പടിയോടെ വർണ്ണ കാവടികളും പാടത്ത് നിറഞ്ഞാടും. തുടർന്ന് നടയ്ക്കൽ പറ,കേളി, തായമ്പക, കൊമ്പ് പറ്റ്, കുഴൽപറ്റ്, രാത്രി 9 ന് പൂരാഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കലാമണ്ഡലം കുട്ടി നാരായണൻ്റെ മേജർസെറ്റ് പഞ്ചവാദ്യം എന്നിവയുണ്ടാകും.
ആഘോഷങ്ങൾക്ക് ഭാരവാഹികളായ ടി.ഡി ലാൽ, വിജയൻ അഞ്ഞൂർ, എം എ അഥിൻ, ധനീഷ് ചേമ്പിൽ,ഷിബു തുടങ്ങിയവർ നേതൃത്വം നല്കും